ഒരു കുടുംബത്തിലെ 12 പേർക്ക് കൊവിഡ് രോഗം: സമൂഹവ്യാപന ഭീതിയിൽ മഹാരാഷ്ട്ര

By Web TeamFirst Published Mar 27, 2020, 4:11 PM IST
Highlights

കൊവിഡ് ബാധിച്ച് ഏറ്റവുമൊടുവിൽ മരിച്ച രണ്ട് സ്ത്രീകൾക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായില്ല

മുംബൈ: കൊവിഡ് വൈറസിൻ്റെ സമൂഹവ്യാപനമുണ്ടായോ എന്ന സംശയം ശക്തമായി നിലനിൽക്കുന്നതിനിടെ മഹാരാഷ്ട്രയിൽ ഇന്ന് 12 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിൽ ഉൾപ്പെട്ട 12 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സാംഗ്ലി ജില്ലയിലാണ് ഇത്രയും പേർക്ക് ഒരുമിച്ച് രോഗം ബാധിച്ചത്. 

മുംബൈയ്ക്കും പൂണെയ്ക്കും പുറമേ സംസ്ഥാനത്തെ ഗ്രാമമേഖലകളിലും വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതോടെ കടുത്ത ആശങ്കയിലാണ് മഹാരാഷ്ട്ര. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. അതേസമയം മഹാരാഷ്ട്രയിൽ സമൂഹവ്യാപനമുണ്ടായെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

കൊവിഡ് ബാധിച്ച് ഏറ്റവുമൊടുവിൽ മരിച്ച രണ്ട് സ്ത്രീകൾക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 135 ആയി. സംസ്ഥാനത്തിന്‍റെ പലമേഖലകളിലും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഇന്നും ആവർത്തിച്ചു. 

എന്നാൽ ഏറ്റവുമൊടുവിൽ മരിച്ച ഗോവണ്ടിയിലെയും മുംബൈ സെൻട്രലിലെയും രണ്ട് സ്ത്രീകളും വിദേശത്ത് പോയിട്ടില്ല. ഗോവണ്ടിയിലെ 65കാരി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്ന ധാരണയിലാണ് ആരോഗ്യവകുപ്പ്.മരണ ശേഷമാണ് സ്രവ പരിശോധനാ ഫലം വന്നത്. WHO നൽകിയ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് സംസ്കാരം നടന്നത്. മുംബൈ സെൻട്രലിൽ ഹോട്ടൽ നടത്തുന്ന സ്ത്രീയാണ് ഇന്നലെ മരിച്ചത്. ഇവർ ഭക്ഷണവുമായി സർക്കാർ ഓഫീസുകളിലടക്കം എത്തിയിരുന്നു.  ഇവർക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായില്ല.

click me!