
ദില്ലി: മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേയ്ക്ക് രാജ്യം അടച്ചിടും എന്ന് പ്രഖ്യാപിച്ചപ്പോൾ നാടും വീടും വിട്ട് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാർ ഒറ്റക്കാര്യമേ ആലോചിച്ചുള്ളൂ. എങ്ങനെ വീട്ടിലെത്തും? ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെ തങ്ങളെ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ച് മാത്രമാണ് അവർ ചിന്തിച്ചത്. അതുകൊണ്ട് തന്നെയാണ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്നും കാൽനടയായും തങ്ങളുടെ വീട്ടിലേക്ക് ഏതുവിധേനയും എത്തിച്ചേരാൻ അവർ ശ്രമിച്ചത്. നടന്ന് വീട്ടിലെത്താൻ തീരുമാനിച്ച നിരവധി തൊഴിലാളികളെക്കുറിച്ചുള്ള വാർത്തകളും വീഡിയോകളും ഈ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.
എന്നാൽ യാത്ര ചെയ്യാൻ വ്യത്യസ്തമായ ഒരു മാർഗം കണ്ടെത്തിയ മൂന്ന് പേരെക്കുറിച്ചാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന വാർത്ത. ദില്ലിയിൽ ജോലി ചെയ്യുന്ന ഇവർ ബീഹാറിലെ മധുബനി സ്വദേശികളാണ്. ലാലു മെഹ്തോ, ഗോരിലാൽ മെഹ്തോ, ഇവരുടെ ഒരു ബന്ധു എന്നിവർ പഴയൊരു സ്കൂട്ടറിന്റെ എഞ്ചിൻ ഉന്തുവണ്ടിയിൽ ഘടിപ്പിച്ച് പുത്തനൊരു വാഹനമുണ്ടാക്കി. 1200 കിലോമീറ്റർ ദൂരം തങ്ങളുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാൻ വേണ്ടിയായിരുന്നു അവരുടെ ഈ പരിശ്രമം. അങ്ങനെ ചൊവ്വാഴ്ച ഇവർ രാജ്യതലസ്ഥാനത്ത് നിന്ന് യാത്ര ആരംഭിച്ചു. ചന്ദൗലി ദേശീയപാതയിൽ വച്ച് ഇവരെ കണ്ടുമുട്ടിയ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷ വിധിക്കുകയോ ശാസിക്കുകയോ ചെയ്തില്ല. പകരം ഭക്ഷണവും വിശ്രമിക്കാനുള്ള അവസരവും ഒരുക്കി കൊടുത്തു. വിശ്രമിക്കാൻ താത്പര്യമുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ അവരോട് ചോദിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ ദയവായി മുന്നോട്ട് പോകാൻ അനുവദിക്കുമോ എന്നാണ് മറുപടിയായി ഇവർ ചോദിക്കുന്നത്.
യാത്ര ചെയ്യാൻ കയ്യിൽ പണമോ വാഹന സൗകര്യമോ ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ വാഹനം നിർമ്മിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ എന്തായാലും വീട്ടിലെത്തും. അല്ലെങ്കിൽ നാലു ദിവസം. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ലാലു മെഹ്തോ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇവർ ദില്ലിയിൽ നിന്നും യാത്ര തിരിച്ചത്. ഇവർക്ക് ആവശ്യമായ ഭക്ഷണവും പാസുകളും വൈദ്യപരിശോധനയും നൽകിയതായി ചന്ദൗലി ജില്ലാ ഭരണകൂടം വ്യക്തമാക്കി. അലോക് പാണ്ഡേ എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam