
ദില്ലി: മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിൽ 13 പേർ കൊല്ലപ്പെട്ടു. തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്. വെടിവെപ്പിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് സുരക്ഷാ സേനയുടെ ക്യാമ്പ്. സേന സ്ഥലത്തെത്തിയപ്പോൾ ലീത്തു ഗ്രാമത്തിൽ 13 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾക്കരികിൽ ആയുധങ്ങളൊന്നും സൈന്യം കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവർ ലീത്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല.
Read More.... തീവ്ര ചുഴലിക്കാറ്റ് രാവിലെ കരതൊടും, കേരളത്തെ എത്രത്തോളം ബാധിക്കും? ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് ഇങ്ങനെ!
പൊലീസ് സ്ഥലത്തെത്തിയെന്നും സംഭവം അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മെയ് 3 മുതൽ മണിപ്പൂരിൽ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങൾ രൂക്ഷമാണ്. അക്രമസംഭവങ്ങളിൽ 182 പേർ കൊല്ലപ്പെടുകയും 50000-ത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീക്കിയത് ഞായറാഴ്ച മാത്രമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam