അബ്ദുൽ ഖാദിർ ക്രിക്കറ്റ് അക്കാദമിക്ക് സമീപമുള്ള ഫാം ഹൗസ് നമ്പർ 2 ലേക്ക് തന്നെ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ സുലൈമാൻ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബലമായി തന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയെന്നും യുവതിയുടെ പരാതിൽ പറയുന്നു.
ലഹോർ: പാകിസ്ഥാന്‍റെ ഇതിഹാസ ക്രിക്കറ്റ് താരമായിരുന്ന അബ്ദുൽ ഖാദിറിന്റെ മകൻ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. പാകിസ്ഥാൻ മുൻ ലെഗ് സ്പിന്നർ അബ്ദുൽ ഖാദിറിന്റെ നാലു മക്കളിൽ ഒരാളായ 41 കാരൻ സുലൈമാൻ ഖാദിർ ആണ് അറസ്റ്റിലായത്. തന്നെ ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് സുലൈമാൻ ഖാദിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരിയെ ഇയാൾ ഫാം ഹൗസ് വൃത്തിയാക്കാനെന്ന വ്യാജേന എത്തിച്ച ശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുലൈമാന്റെ വീട്ടിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. സുലൈമാൻ 22-ാം തീയതി രാവിലെയാണ് പിറ്റേദിവസം ഫാം ഹൗസിലേക്ക് ക്ലീനിങ്ങിനായി വരണമെന്ന് തന്നെ അറിയിച്ചത്. 23ന് രാവിലെ പത്ത് മണിയോടെ സുലൈമാൻ കാറുമായെത്തി ന്യൂവാസ് ബാർക്കിയിലെ അബ്ദുൽ ഖാദിർ ക്രിക്കറ്റ് അക്കാദമിക്ക് സമീപമുള്ള ഫാം ഹൗസ് നമ്പർ 2 ലേക്ക് തന്നെ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ സുലൈമാൻ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബലമായി തന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയെന്നും യുവതിയുടെ പരാതിൽ പറയുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സുലൈമൈനെ ചോദ്യം ചെയ്യുകയാണ്. വിശദമായ അന്വേഷണം നടത്തി യുവതിക്ക് നീതി ഉറപ്പാക്കുമെന്നാണ് പൊലീസ് പറയുന്നത്.
2019ൽ ആണ് സുലൈമാന്‍റെ പിതാവും പ്രമുഖ ക്രിക്കറ്റ് താരവുമായ അബ്ദുൽ ഖാദിർ അന്തരിച്ചത്. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നർമാരിൽ ഒരാളായിരുന്നു അബ്ദുൽ ഖാദിർ. പാകിസ്ഥാന് വേണ്ടി 67 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച അബ്ദുൽ 236 ടെസ്റ്റ് വിക്കറ്റുകളും 132 ഏകദിന വിക്കറ്റുകളും നേടിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു പ്രതിയായ സുലൈമാനും. 2005നും 2013നും ഇടയിൽ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ടെന്നാണ് പാത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


