നിരാലംബരായ കുടുംബങ്ങൾക്ക് റേഷൻ; അതിഥി തൊഴിലാളികൾക്ക് 500 ശുചിത്വ കിറ്റുകൾ; ലോക്ക്ഡൗണിൽ 'ഹീറോ' ആയി ഇഷാൻ

By Web TeamFirst Published Jun 12, 2020, 7:30 PM IST
Highlights

സുഹൃത്തുക്കൾക്കും വീട്ടുകാർക്കും പുറമേ നിരവധി പേർ തനിക്ക് സംഭാവനകൾ നൽകിയെന്നും ഏകദേശം രണ്ട് ലക്ഷം രൂപ ശേഖരിച്ചുവെന്നും ഇഷാൻ പറയുന്നു. 

ചണ്ഡിഗഡ്: കൊവിഡ് പ്രതിരോധനത്തിന്റെ ഭാ​ഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ആഹാരം പോലുമില്ലാതെ ദുരിതത്തിലായത്. ഇവരെ സഹായിക്കുന്നതിന് വേണ്ടി വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ നിരവധി പേർ ഓരോദിവസവും രം​ഗത്തെത്തുകയാണ്. അത്തരത്തിലൊരു പതിമൂന്നുവയസുകാരന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇഷാൻ ജെയിൻ എന്ന വിദ്യാർത്ഥിനിയാണ് മറ്റുള്ളവർക്കും മാതൃകയായി മാറുന്നത്. ഗുരുഗ്രാമിലെ ഹെറിറ്റേജ് എക്സ്പീരിയൻഷ്യൽ ലേണിംഗ് സ്കൂളിലെ വിദ്യാർത്ഥിയാണ് ഇഷാൻ. സോഷ്യൽ മീഡിയ വഴി പണം സ്വരൂപിച്ച്  500ഓളം നിരാലംബരായ കുടുംബങ്ങൾക്ക് റേഷൻ നൽകുകയാണ് ഈ കൊച്ചു മിടുക്കൻ. കൂടാതെ 2,000 മാസ്കുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു.

മാർച്ചിൽ, രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം, ദിവസവേതനക്കാർ തൊഴിലില്ലാത്തവരായി മാറിയെന്ന് ഇഷാൻ മനസ്സിലാക്കി. “അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞു. എന്റെ ചിന്തകളിൽ അവർ വളരെ സന്തുഷ്ടരായിരുന്നു, ദുരിതത്തിലായവരെ ഏത് രീതിയിൽ സഹായിക്കണമെന്ന് അവർ മാർ​ഗ നിർദ്ദേശം നൽകി“ഇഷാൻ പറയുന്നു. 

പിന്നാലെ ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി ഇഷാൻ ഒരു സംവിധാനം ഒരുക്കുകയും ഇതിന്റെ വിവരങ്ങൾ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പങ്കിടുകയുമായിരുന്നു. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും പുറമേ നിരവധി പേർ തനിക്ക് സംഭാവനകൾ നൽകിയെന്നും ഏകദേശം രണ്ട് ലക്ഷം രൂപ ശേഖരിച്ചുവെന്നും ഇഷാൻ പറയുന്നു. പിന്നീട് ഗുരുഗ്രാമിലെ സിവിൽ ഡിഫൻസ് ടീമുമായി ഇഷാൻ ബന്ധപ്പെട്ടു.

"തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളെ കുറിച്ച് സിവിൽ ഡിഫൻസ് വോളന്റിയർമാർ ഞങ്ങളോട് പറഞ്ഞു. പിന്നീട് ചെറിയ കിറ്റുകളിലാക്കിയ റേഷൻ വിതരണം ചെയ്യാൻ അവർ ഞങ്ങളെ സഹായിച്ചു" ഇഷാൻ പറയുന്നു.

ഇവയ്ക്ക് പുറമേ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് ആവശ്യവസ്തുക്കൾ നൽകാനും ഇഷാൻ തീരുമാനിച്ചു. ഇവർക്കായി 1.5 ലക്ഷം രൂപ സ്വരൂപിച്ച് 500 ശുചിത്വ കിറ്റുകൾ വാങ്ങി. ഓരോ കിറ്റികളിലും കഴുകാവുന്നതും പുനഃരുപയോഗിക്കാവുന്നതുമായ മാസ്കുകൾ, സാനിറ്ററി പാഡുകൾ, ടവലുകൾ, സോപ്പുകൾ, തുണി ബാഗുകൾ എന്നിവ ഇഷാൻ വിതരണം ചെയ്തു. അതേസമയം, ഹരിയാന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ‘ഐക്കൺ ഓഫ് കൊവിഡ് -19’ അവാർഡ് നൽകി ഇഷാനെ ആദരിച്ചു.

click me!