ഗുജറാത്ത് കലാപം; സർദാർപുര കൂട്ടക്കൊല കേസിലെ 14 പ്രതികൾക്ക് ജാമ്യം, സംസ്ഥാനത്ത് പ്രവേശിക്കരുത്

By Web TeamFirst Published Jan 28, 2020, 12:49 PM IST
Highlights

വടക്കൻ ഗുജറാത്തിലെ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ 2002 മാർച്ചിൽ ജീവനോടെ തീ വച്ച് കൊന്ന സംഭവമാണ് സർദാപുര കൂട്ടക്കൊല. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. 


ദില്ലി: 2002 ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾ സാമൂഹ്യ സേവനങ്ങളിൽ ഏർ‍പ്പെടണമെന്നും നിർദ്ദേശമുണ്ട്. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ സർദാർപുര കൂട്ടക്കൊല കേസിലെ പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം നൽകിയിരിക്കുന്നത്. പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. ഈ വിധി പിന്നീട് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റവാളികളെ രണ്ട് സംഘമായി തിരിച്ച് ഇൻഡോറിലേക്കും ജബൽപൂരിലേക്കും വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ജീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ, ജസ്റ്റിസ് ബി ഐർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇൻഡോറിലെയും ജബൽ പൂരിലെയും ജില്ലാ ലീഗൽ അതോറിറ്റിക്ക് കോടതി നിർദേശവും നൽകി.

വടക്കൻ ഗുജറാത്തിലെ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ 2002 മാർച്ചിൽ ജീവനോടെ തീ വച്ച് കൊന്ന സംഭവമാണ് സർദാപുര കൂട്ടക്കൊല. പ്രതികൾ ആഴ്ചയിൽ ആറ് മണിക്കൂർ വീതം സാമൂഹ്യ സേവനത്തിലേർപ്പെടണമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കോഴ്സുകളിലും സെമിനാറുകളിലും പങ്കെടുക്കണമെന്നുമാണ് കോടതി നിർദ്ദേശം. 

click me!