പഠനത്തില്‍ ശ്രദ്ധിക്കാന്‍ വഴക്കുപറഞ്ഞു; പതിനാലുകാരന്‍ ഗോവയിലേക്ക് മുങ്ങി, ചെലവിട്ടത് വന്‍തുക

By Web TeamFirst Published Dec 29, 2020, 5:46 PM IST
Highlights

ഗുജറാത്തിലെ വഡോദര സ്വദേശിയായ പതിനാലുകാരനാണ് വീട്ടില്‍ നിന്ന് 1.5 ലക്ഷം രൂപയുമായി ഒളിച്ചോടിയത്. വീട്ടിലിരുന്ന് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് രക്ഷിതാക്കള്‍ പുറത്ത് പോയ സമയത്താണ് വിദ്യാര്‍ഥി വീട് വിട്ടത്. 

വഡോദര: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന രക്ഷിതാക്കള്‍ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയതോടെ പതിനാലുകാരന്‍ ചെയ്തത് ആരെയും അമ്പരപ്പിക്കും. വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയ പണവുമായി ഗോവയിലെ ക്ലബ്ബുകളിലെത്തി അടിച്ച് പൊളിച്ച് പതിനാലുകാരന്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ പതിനാലുകാരനാണ് വീട്ടില്‍ നിന്ന് 1.5 ലക്ഷം രൂപയുമായി ഒളിച്ചോടിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനാലുകാരന്‍ പഠനത്തിനായി ചെലവിടുന്ന സമയം ഏറെ കുറവാണെന്നായിരുന്നു രക്ഷിതാക്കള്‍ കണ്ടെത്തിയത്.

ഇതോടെ രക്ഷിതാക്കളും മുത്തച്ഛനും കുട്ടിയെ വഴക്കുപറഞ്ഞു. വീട്ടിലിരുന്ന് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് രക്ഷിതാക്കള്‍ പുറത്ത് പോയ സമയത്താണ് വിദ്യാര്‍ഥി വീട് വിട്ടത്. റെയില്‍വേ സ്റ്റേഷനിലെത്തി ഗോവയ്ക്ക് ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചെങ്കിലും ആധാര്‍ കാര്‍ഡ് കയ്യിലില്ലാതെ വന്നതോടെ സാധിച്ചില്ല. ഇതോടെ അമിത്നഗര്‍ സര്‍ക്കിളില്‍ നിന്ന് പൂനെയിലേക്ക് ബസ് കയറുകയായിരുന്നു വിദ്യാര്‍ഥി. പൂനെയില്‍ നിന്ന് മറ്റൊരു ബസില്‍ കയറി ഗോവയിലെത്തി. അതേസമയം കുട്ടിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് പണം കാണാതായ വിവരം രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. കുട്ടിയെ കാണാതായ പരാതി അന്വേഷിക്കുന്ന സംഘത്തോട് വീട്ടുകാര്‍ ഈ വിവരവും അറിയിട്ടു. ഇതോടെയാണ് ഗോവയിലും പരിസരങ്ങളിലും കൌമാരക്കാരന് വേണ്ടി തെരച്ചില്‍ ആരംഭിച്ചത്.

ഇതിനിടയില്‍ ക്ലബ്ബുകളിലെ ആഘോഷത്തില്‍ കയ്യിലെ പണം തീരാറായ പതിനാലുകാരന്‍ തിരികെ പൂനെയിലെത്തി. അവിടെ നിന്ന് പുതിയ ഒരു സിം വാങ്ങി. ട്രാവല്‍ ഏജന്‍സിയെ സമീപിച്ച് ഗുജറാത്തിലേക്ക് ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചു. പുതിയ സിം ഉപയോഗിച്ച് ഫോണ്‍ ഉപയോഗിക്കാന്‍ ആരംഭിച്ചതോടെ പൊലീസിന് കുട്ടിയുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട പൊലീസ് കുട്ടിയെ തടഞ്ഞുവെക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം പൂനെയില്‍ നിന്ന് പൊലീസ് എത്തിയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്. 

click me!