
രേവ(മധ്യപ്രദേശ്): മധ്യപ്രദേശിലെ രേവയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 യാത്രക്കാർ മരിച്ചു. 40ലേറെപ്പേർക്ക് പരിക്കേറ്റു. നൂറോളം പേരുമായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് കഴിഞ്ഞ ദിവസം രാത്രി രേവയിലെ ഹൈവേയിൽ സുഹാഗി പഹാരിക്ക് സമീപം ട്രക്കുമായി കൂട്ടിയിടിച്ചത്. നേരത്തെ ചെറിയൊരു അപകടമുണ്ടായതിനെ തുടർന്ന് ട്രക്ക് ദേശീയപാതയിൽ കുടുങ്ങികിടക്കുകയായിരുന്നു. ബസ് പിന്നിൽ നിന്ന് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശിലെ കട്‌നിയിൽ നിന്ന് കയറിയ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് ബസിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവുമെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിൻ പറഞ്ഞു. തൊഴിലാളികൾ ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.വഴിയാത്രക്കാരാണ് അപകടത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതെന്ന് വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. ഉത്തർപ്രദേശ് പ്രധാനമന്ത്രി യോഗി ആദിത്യനാഥുമായും അദ്ദേഹം സംസാരിച്ചു.മൃതദേഹങ്ങൾ ഉത്തർപ്രദേശിലുള്ള കുടുംബാംഗങ്ങൾക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam