'എന്‍റെ വിവാഹം മുടക്കണം'; ആവശ്യവുമായി 15കാരി മുഖ്യമന്ത്രിയെ കണ്ടു

By Web TeamFirst Published Oct 21, 2019, 7:42 PM IST
Highlights

അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാനനുവദിക്കാതെ വിവാഹം കഴിയ്ക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. 

ഭോപ്പാല്‍: തന്‍റെ വിവാഹം മുടക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 15 കാരി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ സമീപിച്ചു. അദ്ദേഹത്തിന്‍റെ വസതിയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് 15 കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. ടോങ്ക് ജില്ലയാണ് പെണ്‍കുട്ടിയുടെ സ്വദേശം. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി, കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. 

അമ്മാവന്‍റെ കൂടെയാണ് പെണ്‍കുട്ടി പരാതി പറയാനെത്തിയത്. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാനനുവദിക്കാതെ വിവാഹം കഴിയ്ക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. പഠിക്കാന്‍ എല്ലാ പ്രോത്സാഹനവും സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി പരാതിക്കാരെ കാണുന്നത്. ദിവസവും തന്‍റെ വസതിയില്‍ തെരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത് വകുപ്പുകള്‍ക്ക് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു. 
 

click me!