സജി മോഹൻ ഐപിഎസിന് കഠിന തടവ്: പാക് അതിർത്തി വഴി മയക്കുമരുന്ന് കടത്തിയ മലയാളി

By Web TeamFirst Published Aug 19, 2019, 9:20 PM IST
Highlights

പത്തനാപുരം സ്വദേശിയായ സജി മോഹൻ കേരളത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാൻ വരുന്ന വേളയിലായിരുന്നു അറസ്റ്റ്. 

മുംബൈ: മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ സജി മോഹന് പതിനഞ്ച് വര്‍ഷം കഠിന തടവ്. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന  മുംബൈ എൻഡിപിഎസ് കോടതിയുടേതാണ് വിധി. പാകിസ്ഥാന്‍ അതിർത്തി വഴി എത്തിച്ച നിരോധിത മയക്കു മരുന്നുകൾ മുബൈ നഗരത്തിലും സമീപ നഗരങ്ങളിലും ഇടനിലക്കാരിലേക്ക് സജിമോഹൻ എത്തിച്ചെന്ന്  മുംബൈ എൻഡിപിഎസ് കോടതി കണ്ടെത്തി. 

കേസിൽ സജിമോഹന്‍റെ കൂട്ടാളിയും ഡ്രൈവറുമായ ഹരിയാന പൊലീസ് കോൺസ്റ്റബിൾ രാജേഷ് കുമാറിന് പത്തു വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. മറ്റൊരു പ്രതിയായ മുംബൈ സ്വദേശിയായ വിക്കി ഒബ്റോയിയെ കോടതി വെറുതെ വിട്ടിരുന്നു. 2009 ജനുവരി 17  നാണ് ഒബ്റോയിയും രാജേഷ് കുമാറും  ഹെറോയിനുമായി പിടിയിലാവുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഒരു ബാഗ് നിറയെ ഹെറോയിനുമായി സജി മോഹനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്  പിടികൂടുകയായിരുന്നു.

നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചണ്ഡീഗറിലെ സോണല്‍ ഡയറക്ടറായിരുന്ന സജി മോഹന്‍ ചണ്ഡീഗറില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം സ്വദേശിയായ സജി മോഹൻ കേരളത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാൻ വരുന്ന വേളയിലായിരുന്നു അറസ്റ്റ്. അനധികൃതമായി മയക്കുമരുന്നു കൈവശം വച്ച മറ്റൊരു കേസിൽ ചണ്ഡീഗഡ് കോടതി സജി മോഹനെ 13 വർഷം തടവിന് വിധിച്ചിരുന്നു. ഈ കേസിൽ  ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മുബൈ കേസിലും കുറ്റക്കാരാനാണെന്ന വിധി വരുന്നത്.

click me!