ദില്ലി വിമാനത്താവളത്തിൽ കരുതൽ തടങ്കലിലാക്കിയ കശ്മീരി നേതാവ് ഷാ ഫൈസൽ കോടതിയിലേക്ക്

By Web TeamFirst Published Aug 19, 2019, 8:11 PM IST
Highlights

ഹാർവാർഡ് സർവകലാശാലയിലേക്ക് പോകുംവഴിയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഐഎഎസ് ഒന്നാം റാങ്കുകാരനുമായ ഷാ ഫൈസൽ ദില്ലി വിമാനത്താവളത്തിൽ വച്ച് കരുതൽ തടങ്കലിലാകുന്നത്. 

ദില്ലി: കരുതൽ തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്ത് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രവർത്തകനുമായ ഷാ ഫൈസൽ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. അക്കാദമിക്ക് ആവശ്യങ്ങള്‍ക്കായി ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്ക് പോകാനായി ദില്ലി വിമാനത്താവളത്തിലെത്തിയതായിരുന്നു ഷാ ഫൈസല്‍. എന്നാല്‍ ഇവിടെ വച്ച് തന്നെ തടങ്കലില്‍ എടുക്കുകയും നിയമവിരുദ്ധമായി  ജമ്മു കശ്മീരിലേക്ക് തിരികെ അയയ്ക്കുകയുമായിരുന്നെന്ന് ഷാ ഫൈസല്‍ ഹര്‍ജിയില്‍ പറയുന്നു.

ഷാ ഫൈസലിന്‍റെ അഭിഭാഷകന്‍റെ വാദങ്ങള്‍ കേട്ട  ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം അനുച്‍ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഷാ ഫൈസലിന്‍റെ പ്രതികരണമാണ് കരുതല്‍ തടങ്കലിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീർ സ്വദേശിയാണ് ഷാ ഫൈസൽ. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസ‌ൽ, ഈ വർഷം ജനുവരിയിൽ, കശ്മീരിലെ കൊലപാതകങ്ങളിലും മനുഷ്യാവകാശ ധ്വംസനങ്ങളിലും പ്രതിഷേധിച്ച് ജോലി രാജി വച്ചിരുന്നു. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‍മെന്‍റ് എന്ന പാർട്ടി തുടങ്ങുമെന്നും രാഷ്ട്രീയത്തിലിറങ്ങുകയാണെന്നും ഇതിന് ശേഷം ഷാ പ്രഖ്യാപിക്കുകയും ചെയ്തു. 

click me!