രോഗികളുടെ എണ്ണം 15000 കടന്നു; മുംബൈ ആശങ്കയിൽ, കൊവിഡ് ടെസ്റ്റ് ഇനി രോഗ ലക്ഷണങ്ങളുള്ളവർക്ക് മാത്രം

By Web TeamFirst Published May 14, 2020, 3:46 PM IST
Highlights

കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും ആയിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ ശരാശരി 700 രോഗികളും മുംബൈയിൽ നിന്നാണ്. 

മുംബൈ: രോഗികളുടെ എണ്ണം 15000 കടന്നതോടെ കടുത്ത ആശങ്കയിലാണ് മുംബൈ നഗരം. പരിശോധനാ കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതിനാൽ ഇനിമുതൽ രോഗ ലക്ഷണങ്ങളുള്ളവരെ മാത്രം കൊവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് മുംബൈ കോർപ്പറേഷൻ തീരുമാനിച്ചു. ആശുപത്രികളിലെ പരിമിതികൾ മറികടക്കാൻ പകരം സംവിധാനങ്ങൾ ഒരുക്കുകയാണ് മുംബൈ കോർപ്പറേഷൻ.

കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും ആയിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ ശരാശരി 700 രോഗികളും മുംബൈയിൽ നിന്നാണ്. അതീവ ഗുരുതരാവസ്ഥയിലല്ലാതെ ആശുപത്രികളിൽ കിടത്തി ചികിത്സ പോലും ലഭ്യമല്ല. അതേസമയം, ബാന്ദ്ര ബികെസിയിൽ ആയിരം കിടക്കകളുള്ള താൽക്കാലിക ഐസൊലേഷൻ കേന്ദ്രം തയാറായി. പകുതി കിടക്കകളിൽ ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. വർളിയിലെ വല്ലഭായ് പട്ടേൽ ഇൻഡോർ സ്റ്റേഡിയവും ആയിരത്തിലേറെപേർക്കുള്ള ചികിത്സാകേന്ദ്രമായി പ്രവർത്തിച്ച തുടങ്ങി. നവിമുംബൈയിലെ വാശിയിലും വമ്പൻ ഐസൊലേഷൻ കേന്ദ്രം തയാറാവുന്നുണ്ട്. 

അതേസമയം, മുംബൈയിലെ സയൻ ആശുപത്രിയിൽ ഇതുവരെ കൊവിഡ് രോഗികളായ 100 ഗർഭിണികൾ പ്രസവിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കുഞ്ഞുങ്ങൾക്കാർക്കും കൊവിഡില്ല. ഇനിമുതൽ കടുത്ത രോഗലക്ഷണങ്ങളുള്ളവരെയും ഗർഭിണികൾക്കും മാത്രമായിരിക്കും കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന് മുംബൈ കോർപ്പറേഷൻ തീരുമാനിച്ചു. അതിതീവ്ര ബാധിത മേഖലകളിലുള്ളവർക്കോ രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവർക്കോ ഇനി പരിശോധന നടത്തില്ല. ഇത് ഏഴാം തവണയാണ് പരിശോധനാ മാർഗ നിർദ്ദേശം മുംബൈ കോർപ്പറേഷൻ പുതുക്കുന്നത്. 

അതേസമയം, അതിഥി തൊഴിലാളികളെ തിരികെ കൊണ്ട് പോവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മമതാ ബാനർജിയുമായി ചർച്ച നടത്തും. 17 ട്രെയിനുകളിലായി 20000 തൊഴിലാളികളെ കൊണ്ടി പോവണമെന്നാണ് ആവശ്യം. ഇതിനുള്ള ചെലവും സംസ്ഥാനം വഹിക്കും. എന്നാൽ, ബംഗാൾ സർക്കാർ കടുത്ത എതിർപ്പിലാണ്.

click me!