
ഇംഫാൽ: നീറ്റ് പരിക്ഷയ്ക്കായി തയാറെടുപ്പ് നടത്തുന്നതിനിടെ വയറുവേദന കൂടി ആശുപത്രിയിലെത്തിച്ച പെൺകുട്ടി പ്രസവിച്ചു. മധ്യപ്രദേശിലെ ഗുണ സ്വദേശിനിയായ പതിനാറുകാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ രണ്ട് മാസമായി കോട്ടയിലെ ഹോസ്റ്റലിൽ നിന്ന് നീറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പുകൾ നടത്തുകയായിരുന്നു പെൺകുട്ടി. കടുത്ത വയറു വേദന കാരണം പെൺകുട്ടിയെ ജയ് കെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ പെൺകുട്ടി എട്ടര മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ജയ് കെ ലോൺ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഭാരതി സക്‌സേന പറഞ്ഞു. ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റിയ പെൺകുട്ടി തിങ്കളാഴ്ച രാവിലെ 8:30 ഓടെ 2.30 കിലോ ഭാരമുള്ള ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയെന്നും ഡോക്ടർ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണ് ഇപ്പോഴുള്ളത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ആവശ്യമായ നിയമ നടപടികൾ പൂർത്തിയാകുന്നതുവരെ സംഭവം രഹസ്യമായി സൂക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ നവജാതശിശുവിനെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ആദ്യം തയ്യാറായില്ല. തുടർന്ന് സിഡബ്ല്യുസി അംഗങ്ങൾ നൽകിയ കൗൺസിലിംഗിന് ശേഷമാണ് നവജാതശിശുവിന്റെ സംരക്ഷണം ചൊവ്വാഴ്ച സിഡബ്ല്യുസിക്ക് കൈമാറാൻ മാതാപിതാക്കൾ സമ്മതിച്ചത്.
പെൺകുട്ടി രണ്ട് മാസം മുമ്പ് മാത്രമാണ് കോട്ടയിൽ പഠനത്തിനായി എത്തിയത്. എട്ടര മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനാൽ, കുട്ടി ജന്മനാട്ടിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ. ചൊവ്വാഴ്ച പെൺകുട്ടി സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നീറ്റ് പഠനം തുടരണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗുണ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിഎസ്പി ശങ്കർ ലാൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam