പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.  

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ, വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. പരീക്ഷ എന്ന് നടക്കുമെന്നതിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. മാർക്ക് നൽകുന്നതിന് ബദൽ സംവിധാനം വേണമെന്നതടക്കമുളള ആവശ്യങ്ങളും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ട്. അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സിബിഎസ്ഇക്ക് കത്ത് നൽകി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾമാറ്റി

ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ ബോർഡിന്റെ ഈ തീരുമാനം.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിൾ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാ നടത്തിപ്പ് ദുഷ്കരമായത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ബോർഡ് മാറ്റത്തിന് തയ്യാറായത്.