
അഹമ്മദ് നഗര്‍: കോളേജിലെ സഹപാഠിയുമായി സൗഹൃദം പുലര്‍ത്തിയതിന്‍റെ പേരില്‍ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. മഹരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പാണ്ടുരംഗ് ശ്രീരംഗ് സായ്ഗുണ്ട് (51) അമ്മയുടെ സഹോദരന്‍മാരായ രാജേന്ദ്ര ജഗന്‍നാഥ് ഷിന്‍ഡേ(30), ധ്യാന്‍ ദേവ് ജഗന്‍നാഥ് ഷിന്‍ഡേ(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി സഹപാഠിയുമായി നിരന്തരം ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കൂടാതെ ഇയാളോടൊപ്പം ബൈക്കില്‍ കോളേജില്‍ പോകുന്നതും പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ നിരവധി തവണ ശ്രീരംഗ് മകളോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി സഹപാഠിയുമായി സൗഹൃദം തുടര്‍ന്നു.
ഇതില്‍ പ്രകോപിതനായ ശ്രീരംഗ് മാര്‍ച്ച് 23 ന് ചോന്ദി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അമ്മാവന്‍മാരുടെ സഹായത്തോടെ ഇയാള്‍ മകളുടെ ശരീരം കത്തിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24 ന് പെണ്‍കുട്ടിയെ കാണാതായതായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ സമീപത്തു തന്നെയുള്ള ജലാശയത്തില്‍ നിന്നും പാതികത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തി.
മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് 35ല്‍ അധികം പോരെ ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിലാണ് അച്ഛനും അമ്മാവന്‍മാരും അറസ്റ്റിലായത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam