ഐറിസ് ദേന എന്ന യുദ്ധക്കപ്പൽ ഇന്ത്യയുടെ അതിഥിയായിരുന്നുവെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഫെബ്രുവരി 25ന് ശേഷം കപ്പൽ സഹായം തേടിയിട്ടില്ലെന്നും ആക്രമണം നടക്കുമ്പോൾ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലായിരുന്നുവെന്നും ഇന്ത്യൻ അധികൃതർ.
ദില്ലി: അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഐറിസ് ദേന എന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ അതിഥിയാണെന്ന് ഇറാൻ പറയുന്നുണ്ടെങ്കിലും, ഫെബ്രുവരി 28 ന് യുദ്ധം പ്രഖ്യാപിച്ചതിനുശേഷം കപ്പൽ ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 വരെ വിശാഖപട്ടണത്ത് നടന്ന ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിൽ (IFR) ദേന പങ്കെടുത്തു. ശേഷം തിരിച്ചുമടങ്ങി. ഫെബ്രുവരി 28 നാണ് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം നടന്നത്. ഫെബ്രുവരി 25 വെള്ളിയാഴ്ച പുറപ്പെട്ടതിന് ശേഷം കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്തായിരുന്നുവെന്നും അന്താരാഷ്ട്ര മേഖലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇന്ത്യൻ നാവികസേനയുടെ അതിഥിയായ ഐറിസ് ദേന എന്ന തങ്ങളുടെ കപ്പലിനെ മുന്നറിയിപ്പില്ലാതെ യുഎസ് ആക്രമിച്ചതായി ഇറാൻ പറഞ്ഞു. എന്നാൽ, ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 വരെ മാത്രമാണ് കപ്പലും അതിലെ ജീവനക്കാരും ഇന്ത്യൻ അതിഥികളായി ഉണ്ടായിരുന്നതെന്ന് ഇന്ത്യൻ വൃത്തങ്ങൾ പറയുന്നു. മാർച്ച് 4 ബുധനാഴ്ചയാണ് അന്താരാഷ്ട്ര മേഖലയിൽ വെച്ചാണ് ഐറിസ് ദേനയെ വിർജീനിയ ക്ലാസ് എസ്എസ്എൻ ആക്രമിച്ചത്. 87 നാവികർ മരിച്ചുവെന്നും 32 പേരെ രക്ഷപ്പെടുത്തി ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ശ്രീലങ്കൻ അധികൃതർ പറഞ്ഞു.
