
ലഖ്നൌ: മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപയില്‍ പകുതിയും നഷ്ടമായതിന്‍റെ ഞെട്ടലിലാണ് യുപി സ്വദേശിനി. ഒന്നര വര്‍ഷം മുന്‍പ് ലോക്കറില്‍ വെച്ച പണത്തില്‍ പകുതിയും ചിതലരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.
അൽക പഥക് എന്ന സ്ത്രീ 2022 ഒക്ടോബറിലാണ്, മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും ചില ആഭരണങ്ങളും ബാങ്ക് ലോക്കറിൽ കൊണ്ടുപോയിവെച്ചത്. കെവൈസി വെരിഫിക്കേഷന്‍റെ ഭാഗമായി അൽക്കയെ ബാങ്ക് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ലോക്കർ തുറന്ന് നോക്കിയപ്പോൾ പണം ചിതലരിച്ചതായി കണ്ട് അല്‍ക്ക ഞെട്ടിപ്പോയി. അൽക്ക ഉടൻ തന്നെ സംഭവം ബാങ്കിന്റെ ബ്രാഞ്ച് മാനേജരെ അറിയിച്ചു. ചെറിയ ബിസിനസും ട്യൂഷന്‍ ക്ലാസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇത്. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോക്കറില്‍ കൊണ്ടുപോയി വെച്ചത്.
ലോക്കറില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളെ കുറിച്ച് അറിയാതെ, ആഭരണങ്ങൾക്കൊപ്പം തന്നെയാണ് അല്‍ക്ക 18 ലക്ഷം രൂപയും നിക്ഷേപിച്ചത്. ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് അല്‍ക്ക പറഞ്ഞു. ബ്രാഞ്ച് മാനേജർ സംഭവം അധികൃതരെ അറിയിച്ചു. എത്രത്തോളം പണമാണ് നഷ്ടമായതെന്ന് അന്വേഷണം നടക്കുകയാണ്.