Asianet News MalayalamAsianet News Malayalam

സിസിടിവി വിച്ഛേദിച്ചു, സ്ട്രോങ് റൂം തുരന്നു; ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച, മോഷണം പോയത് 25 കോടിയുടെ സ്വര്‍ണം

നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെ അകത്ത് കടന്ന മോഷ്ടാക്കൾ സ്‌ട്രോങ് റൂം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലെത്തുകയായിരുന്നു

Thieves Steal Ornaments Worth RS 25 Crore SSM
Author
First Published Sep 26, 2023, 4:46 PM IST

ദില്ലി: ശക്തമായ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും ജ്വല്ലറിയില്‍ നിന്ന് 25 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. സിസിടിവി ക്യാമറകള്‍ വിച്ഛേദിച്ച ശേഷമാണ് മോഷ്ടാക്കള്‍ വന്‍ കവര്‍ച്ച നടത്തിയത്. തെക്കൻ ദില്ലിയിലെ ജംഗ്‌പുരയിലെ ജ്വല്ലറിയിലാണ് സംഭവം നടന്നത്.  

ഭോഗൽ പ്രദേശത്തുള്ള ജ്വല്ലറിയിലാണ് സുരക്ഷാ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വന്‍ കവര്‍ച്ച നടത്തിയത്. സിസിടിവി ക്യാമറകൾ വിച്ഛേദിച്ചും സ്‌ട്രോങ്‌ റൂമിന്‍റെ (ലോക്കർ) ഭിത്തി തുരന്നും വന്‍ ആസൂത്രണം നടത്തിയാണ് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത്. 

നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെ അകത്ത് കടന്ന മോഷ്ടാക്കൾ സ്‌ട്രോങ് റൂം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് കടക്കാൻ മോഷ്ടാക്കള്‍ ഭിത്തി തുരന്നു. സ്ട്രോങ് റൂമിലെ ആഭരണങ്ങള്‍ മോഷ്ടിച്ചതിന് പുറമെ ജ്വല്ലറിയില്‍ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി.

ഞായറാഴ്ച വൈകീട്ട് ജ്വല്ലറി പൂട്ടിയ ഉടമ ഇന്ന് രാവിലെ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിങ്കളാഴ്ചകളിൽ ഈ ജ്വല്ലറി തുറക്കാറില്ല. മോഷ്ടാക്കൾ സിസിടിവി ക്യാമറകള്‍ വിച്ഛേദിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതില്‍ നിന്നും പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം ഹരിയാനയിലെ അംബാലയിൽ സഹകരണ ബാങ്ക് കുത്തിത്തുറന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നതിന് സമാനമാണ് ദില്ലിയിലെ സംഭവം. ബാങ്കിലേക്ക് കടക്കാൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഭിത്തി തുരന്ന മോഷ്ടാക്കള്‍ 32 ലോക്കറുകൾ കുത്തിത്തുറന്നതായി പൊലീസ് പറഞ്ഞു. വാരാന്ത്യങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കുന്നതിനാൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

 

Follow Us:
Download App:
  • android
  • ios