പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

By Web TeamFirst Published Sep 18, 2021, 12:20 PM IST
Highlights

 ഇക്കാര്യം അറിഞ്ഞാൽ അമ്മ ചീത്ത പറഞ്ഞേക്കുമോ എന്ന് ഭയന്ന് കുട്ടി സംഗതി രഹസ്യമാക്കി വെച്ചു 

മുംബൈ: ടൂത്ത് പേസ്റ്റാണ് എന്ന് തെറ്റിദ്ധരിച്ച് എലിവിഷത്തിന്റെ ട്യൂബിൽ നിന്ന് എടുത്ത് പല്ലുതേച്ച പതിനെട്ടുകാരിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. അഫ്‌സാന ഖാൻ എന്ന മുംബൈയിലെ ധാരാവി നിവാസിക്കാണ് ഇങ്ങനെ മരണം സംഭവിച്ചത്. ടൂത്ത് പേസ്റ്റിന്റെയും എലിവിഷത്തിന്റെയും ട്യൂബുകൾ അലമാരയിൽ അടുത്തടുത്ത് ഇരുന്നതാണ് ഇങ്ങനെ ഒരു അബദ്ധം പറ്റാൻ കാരണമായത്. 

രാവിലെ പത്തുമണിക്ക് ഉറക്കമുണർന്ന അഫ്‌സാന, അബദ്ധവശാൽ എലിവിഷം കൊണ്ട് പല്ലുതേക്കുകയായിരുന്നു. തേച്ച ഉടനെ തന്നെ അരുചിയും ദുർഗന്ധവും കാരണം അത് എലിവിഷമാണ് എന്ന് തിരിച്ചറിഞ്ഞ അഫ്സന ഉടനടി വാ കഴുകി. പക്ഷേ, ഇക്കാര്യം അറിഞ്ഞാൽ അമ്മ ചീത്ത പറഞ്ഞേക്കുമോ എന്ന് ഭയന്ന് കുട്ടി സംഗതി രഹസ്യമാക്കി വെച്ചു എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. 

എന്നാൽ, അല്പനേരത്തിനുള്ളിൽ തന്നെ അഫ്സാനയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. കുടുംബാംഗങ്ങൾ അവളെ ധാരാവിയിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ച മരുന്നും വാങ്ങി നൽകി. മൂന്നു ദിവസത്തോളം വയറുവേദന ശമനമില്ലാതെ തുടർന്ന ശേഷം മാത്രമാണ് അഫ്‌സാന തന്റെ അമ്മയോട് തനിക്ക് പിണഞ്ഞ അബദ്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പക്ഷേ അപ്പോഴേക്കും, അകത്തു ചെന്ന എലിവിഷം ജീവൻ രക്ഷിക്കാൻ സാധിക്കാത്ത വിധം അഫ്‌സാനയുടെ ആന്തരികാവയവങ്ങളെ ബാധിച്ചു കഴിഞ്ഞിരുന്നു എന്നും ഓഫീസർ പറഞ്ഞു. 

click me!