20 വര്‍ഷത്തില്‍ ലഭിച്ചത് 1800 കിലോ സ്വര്‍ണ്ണം; വൈഷ്ണോ ദേവി ക്ഷേത്രത്തിലെ സംഭാവന ഇങ്ങനെ

By Web TeamFirst Published Mar 23, 2021, 6:49 PM IST
Highlights

2000-2020 വരെയുള്ള കാലഘട്ടത്തില്‍ മാത്രം ലഭിച്ചത് 4700 കിലോ വെള്ളിയും 2000 കോടി രൂപയുമാണ്. എന്നാല്‍ കൊവിഡ് മഹാമാരി മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 78 ശതമാനം കുറവുണ്ടായതായും വിവരാവകാശരേഖ 

നൈനിറ്റാള്‍: ഇരുപത് വര്‍ഷത്തിനുള്ളില്‍ ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 1800 കിലോ സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. 4700 കിലോ വെള്ളിയും 2000 കോടി രൂപയും 2000-2020 വര്‍ഷത്തില്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് സ്വദേശിയായ ആക്ടിവിസ്റ്റായ ഹേമന്ദ് ഗൗനിയയുടെ വിവരാവകാശ രേഖയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ദാനമായും ദക്ഷിണയായുമാണ് ഇത് ലഭിച്ചതെന്നും വിവരാവകാശ രേഖ വിശദമാക്കുന്നു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കിയ വിവരാവകാശം മൂലമുള്ള അപേക്ഷയ്ക്ക് കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രം ബോര്‍ഡ്  എക്സിക്യുട്ടീവ് ഓഫീസറാണ് മറുപടി നല്‍കിയിരിക്കുന്നത്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്. എന്നാല്‍ ഇവിടെ ലഭിക്കുന്ന സംഭാവന എത്രയാണെന്ന് എവിടെയും പ്രസിദ്ധീകരിച്ച് കാണാറില്ല. അതിനാലാണ് വിവരാവകാശ രേഖ നല്‍കിയതെന്നാണ് ഹേമന്ദ് പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. എന്നാല്‍ ഇത്രയധികം സമ്പാദ്യം ഈ ക്ഷേത്രത്തിനുണ്ടാവുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് ഹേമന്ദ് വിശദമാക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് വൈഷ്ണോ ദേവി ക്ഷേത്രം. 1986ല്‍ ബരിദാറില്‍ നിന്ന് ഏറ്റെടുത്ത ശേഷമാണ് ക്ഷേത്ര ബോര്‍ഡ് രൂപീകരിക്കുന്നത്.

കൊവിഡ് മഹാമാരി മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടാവുന്ന കുറവും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2000ല്‍ 50ലക്ഷം പേരും 2018 ലും 2019ലും 80 ലക്ഷം പേരും ഇവിടെ എത്തിയിട്ടുണ്ട്. എന്നാല്‍ 2020ല്‍ ക്ഷേത്രത്തിലെത്തിയത് 17 ലക്ഷം പേരാണ്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍78 ശതമാനം കുറവുണ്ടായെന്നാണ് രേഖ വിശദമാക്കുന്നത്. 2011ലും 2012ലും ക്ഷേത്രത്തില്‍ ഒരു കോടിയിലേറെപ്പേര്‍ എത്തിയിരുന്നുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 

click me!