കലാപം മൂലം മണിപ്പൂർ വിടേണ്ടി വന്നു, വോട്ടവകാശം വിനിയോഗിക്കാൻ അവസരം വേണം, ഹർജി തള്ളി സുപ്രീം കോടതി

By Web TeamFirst Published Apr 16, 2024, 11:14 AM IST
Highlights

നിങ്ങൾ എത്തിയത് അവസാന നിമിഷമാണ്, ഈ ഘട്ടത്തിൽ എന്താണ് ചെയ്യാനാവുക,  കോടതിക്ക് ഈ ഘട്ടത്തിൽ ഇടപെടാനാവില്ലെന്ന് ബെഞ്ച്

ദില്ലി: കലാപത്തെ തുടർന്ന് മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരുടെ ആവശ്യം തിരഞ്ഞെടുപ്പ് നടത്തിപ്പിനെപ്പറ്റി നയപരമായ ചോദ്യം ഉയര്‍ത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഹർജി സുപ്രീം കോടതി തള്ളിയത്.

കലാപത്തിന് പിന്നാലെ 18000ത്തോളം ആളുകളാണ് വീടുകൾ വിട്ട് മാറി താമസിക്കേണ്ടി വന്നിട്ടുള്ളത്. മണിപ്പൂരിലെ ലോക് സഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 19നും 26നുമാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി ബർഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്രയും വൈകിയ സമയത്ത് ഹർജിയിൽ ഇടപെടുന്നത്. സുഗമമായ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ബാധിച്ചേക്കുമെന്ന നിരീക്ഷണമാണ് ബെഞ്ച് നടത്തിയത്. നിങ്ങൾ എത്തിയത് അവസാന നിമിഷമാണ്, ഈ ഘട്ടത്തിൽ എന്താണ് ചെയ്യാനാവുക,  കോടതിക്ക് ഈ ഘട്ടത്തിൽ ഇടപെടാനാവില്ലെന്ന് ബെഞ്ച് വിശദമാക്കി. 

മണിപ്പൂർ സ്വദേശിയായ നൌലാക് ഖാംസുവാന്താഗും മറ്റ് ചിലരുമാണ് ഹർജി ഫയൽ ചെയ്തത്. മണിപ്പൂരിന് പുറത്തായി കലാപം മൂലം താമസിക്കേണ്ടി വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൌകര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ചിതറി താമസിക്കുന്നവർക്ക് ഇവർ താമസിക്കുന്ന ഇടത്തെ പോളിംഗ് ബൂത്തുകളിൽ പ്രത്യേക ബൂത്തുകൾ സജ്ജമാക്കി നൽകണമെന്നതായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. പതിനെട്ടായിരത്തോളം ആളുകളാണ് ഇത്തരത്തിൽ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതെന്നാണ് ഹർജിക്കാർ വിശദമാക്കിയത്. 

2023 മെയ് മാസം അക്രമങ്ങളുടേയും കലാപങ്ങളുടേയും ഒരു തുടർച്ചയാണ് മണിപ്പൂരിലുണ്ടായത്. 160 പേരിലധികം കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് ഈ കലാപങ്ങളിൽ. സ്വന്തം വീടുകളിൽ നിന്ന് ഏറെ അകലെയുള്ള ക്യാംപുകളിലാണ് പലരും താമസിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!