ദില്ലിയിൽ ഇന്ന് മാത്രം 183 കൊവിഡ് ബാധിതർ; മലയാളി നഴ്സിന് നേരെ പൊലീസ് അതിക്രമം

By Web TeamFirst Published Apr 10, 2020, 9:42 PM IST
Highlights

ഐഡി കാർഡ് കാണിക്കുന്നതിനിടെ പൊലീസുകാരൻ കൈയിലും പുറത്തും അടിച്ചെന്നാണ് പശ്ചിമ വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ വിഷ്ണുവിന്റെ പരാതി

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും കുത്തനെ വർധനവുണ്ടായി. 183 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 30 ഇടങ്ങൾ രോഗം തീവ്രമായി ബാധിച്ച സ്ഥലങ്ങളാണ്. അതിനിടെ മലയാളി നഴ്സിന് ഇവിടെ പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഐഡി കാർഡ് കാണിക്കുന്നതിനിടെ പൊലീസുകാരൻ കൈയിലും പുറത്തും അടിച്ചെന്നാണ് പശ്ചിമ വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ വിഷ്ണുവിന്റെ പരാതി. 

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1574 ആയി. സംസ്ഥാനത്ത് ഇതുവരെ 107 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ മാത്രം 251 തീവ്ര ബാധിത മേഖലകൾ ഉണ്ടെന്ന് കണ്ടെത്തി. ആന്ധ്രപ്രദേശിൽ ഇന്ന് 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 381 ആയി.

ഗുജറാത്തിൽ ഇന്ന് 70 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 378 ആയി ഉയർന്നു. 19 പേരാണ് ഇവിടെ ഇതിനോടകം മരിച്ചത്. 33 പേർക്ക് രോഗം ഭേദമായി. തെലങ്കാനയിലും ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 487 ആണ്. സംസ്ഥാനത്തു 101 ഇടങ്ങൾ രോഗം തീവ്രമായി ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
 

click me!