
കൊൽക്കത്ത: വിമാനം 33000 അടി ഉയരത്തിൽ പോകുന്നതിനിടെ എൻജിൻ തകരാറ്. സ്പൈസ് ജെറ്റ് വിമാനത്തിന് എമർജൻസി ലാൻഡിംഗ്. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനാണ് എൻജിൻ തകരാറ് അനുഭവപ്പെട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരെന്നാണ് സ്പൈസ് ജെറ്റ് വിശദമാക്കിയിട്ടുള്ളത്. ലാൻഡിംഗിന് പിന്നാലെ എമർജൻസി വാണിംഗ് പിൻവലിച്ചതായും വിമാനത്താവള അധികൃതർ വിശദമാക്കി. ഞായറാഴ്ച രാത്രിയിലാണ് സംഭവം. എസ് ജി 670 എന്ന വിമാനത്തിൽ യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 188 പേരായിരുന്നു ഉണ്ടായിരുന്നത്. രാത്രി 11.38ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എൻജിനുകളിലൊന്നിന് തകരാറ് അനുഭവപ്പെട്ടത്. വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് എൻജിനിലെ തകരാറ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പിന്നാലെ പൈലറ്റ് ഫുൾ എമർജൻസി പ്രഖ്യാപിക്കുകയായിരുന്നു. എമർജൻസി സേവനങ്ങൾ തയ്യാറെടുത്ത് നിന്നെങ്കിലും മറ്റ് രീതിയിലുള്ള അപകടങ്ങൾ കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ വിശദമാക്കി. മുംബൈയിൽ നിന്ന് ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. 7.10 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈരി 9.07 ഓടെയാണ് മുംബൈയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. സംഭവത്തിൽ സ്പൈസ് ജെറ്റ് ഇതുവരേയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam