
ദില്ലി: മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ എല്ലാ മതങ്ങളിൽ നിന്നുള്ള ആളുകൾക്കും ആർഎസ്എസിൽ ചേരാമെന്നും എന്നാൽ മതപരമായ വേർതിരിവ് മാറ്റിവെച്ച് ഏകീകൃത ഹിന്ദു സമൂഹത്തിലെ അംഗങ്ങളായി ചേരണമെന്നും മോഹൻ ഭഗവത്. ആർഎസ്എസിൽ ബ്രാഹ്മണർക്കോ മറ്റ് ജാതികൾക്കോ പ്രവേശനമില്ലെന്നും ഹിന്ദുക്കൾക്ക് മാത്രമാണ് പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌എസ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം.
എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള അനുയായികളും ഭാരതാംബയുടെ മക്കളായി വരുന്നിടത്തോളം ആർഎസ്എസിൽ ഭാഗമാകാം. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ അടക്കം ആർക്കും ആർഎസ്എസിൽ വരാം. എന്നാൽ ആർഎസ്എസിൽ ഭിന്നത ഒഴിവാക്കാൻ ഭാരതാംബയുടെ മക്കളെന്ന നിലയിൽ ഏകീകൃത ഹിന്ദു സമൂഹത്തിൻ്റെ ഭാഗമാകണം. ശാഖകളിൽ പങ്കെടുക്കുന്ന ആരോടും ആർഎസ്എസ് ജാതിയോ മതമോ ചോദിക്കാറില്ല. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ശാഖയിൽ വന്നാൽ അവരോടാരോടും ഞങ്ങൾ മതം ചോദിക്കില്ല. അവരെല്ലാം ഭാരതാംബയുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയെയും ആർഎസ്എസ് പിന്തുണക്കുന്നില്ല. ദേശീയ താത്പര്യം അനുസരിച്ചുള്ള നയങ്ങളെയാണ് പിന്തുണക്കുന്നത്. വോട്ട് രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആർഎസ്എസ് പങ്കെടുക്കുന്നില്ല. സമൂഹത്തെ ഒന്നിപ്പിക്കുകയാണ് ആർഎസ്എസിൻ്റെ ലക്ഷ്യം. രാഷ്ട്രീയം സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും അതിനാലാണ് ആർഎസ്എസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.