
അമരാവതി: വിശാഖപട്ടണത്ത് വൻതോതിൽ ബീഫ് പിടിച്ചെടുത്ത സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും സഖ്യകക്ഷികളും മൗനം പാലിക്കുന്നതിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാവ് അമ്പാട്ടി റാംബാബു രംഗത്തെത്തി. ഒക്ടോബർ 3 ന് വിശാഖപട്ടണത്തിലെ കോൾഡ് സ്റ്റോറേജ് സൗകര്യത്തിൽ നിന്നാണ് കേന്ദ്ര ഏജൻസികൾ ഏകദേശം രണ്ട് ലക്ഷം കിലോ ബീഫ് പിടിച്ചെടുത്തെന്ന് വൈഎസ്ആർസിപി നേതാവ് പറഞ്ഞു. ഈ സംഭവം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ടിഡിപി നേതൃത്വത്തിലുള്ള സർക്കാർ ഉടൻ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയും വലിയ തോതിൽ പിടികൂടിയിട്ടും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഇത്രയും ക്രൂരമായി പശുക്കളെ കശാപ്പ് ചെയ്യുമ്പോഴും സർക്കാർ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും തഡേപള്ളിയിലെ വൈഎസ്ആർസിപി കേന്ദ്ര ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ രാംബാബു ചോദിച്ചു. പവൻ കല്യാണിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഹിന്ദു വികാരങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള പരസ്യമായ നിലപാട് സ്വീകരിച്ചിട്ടും പ്രതികരിക്കാത്ത ബിജെപി നേതാക്കളായ ദഗ്ഗുപതി പുരന്ദേശ്വരി, സുജന ചൗധരി തുടങ്ങിയവർ കപടന്മാരാണെന്നും അദ്ദേഹം ആരോപിച്ചു. സ്വയം 'സനാതനി' എന്ന് വിശേഷിപ്പിക്കുന്ന ഉപമുഖ്യമന്ത്രി പവൻ കല്യാൺ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭരണകക്ഷിയായ ടിഡിപി വിഷയത്തിൽ പ്രതികരിച്ചില്ല.
വിശാഖപട്ടണത്തിനടുത്തുള്ള ഗോഡൗണിൽ നിന്നാണ് 189 ടൺ ബീഫ് ഉദ്യോഗസ്ഥർ അടുത്തിടെ പിടിച്ചെടുത്തുതെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. ടിഡിപി നേതാവ് സുബ്രഹ്മണ്യ ഗുപ്തയുടെ സഹായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഗോഡൗണെന്നും വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. ഫോറൻസിക് പരിശോധനയിൽ, എരുമയിറച്ചിയുടെ മറവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ബീഫ് ആണെന്ന് സ്ഥിരീകരിച്ചതായും എക്‌സിലെ പോസ്റ്റ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam