പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും; 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കി 

Published : May 24, 2023, 12:12 PM ISTUpdated : May 24, 2023, 04:15 PM IST
പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും; 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കി 

Synopsis

''രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെയും പ്രധാനമന്ത്രി അപമാനിച്ചു, അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു''. സംയുക്ത പ്രസ്താവനയിറക്കി 19 പാർട്ടികൾ

ദില്ലി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കി.

പ്രോട്ടോകോള്‍ ലംഘനം നടത്തി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ  രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ 79 ആം അനുച്ഛദേമനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്‍റിന്‍റെ അവസാനവാക്ക്. എന്നാല്‍ അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു. ആദിവാസി വനിത, രാഷ്ട്രപതിയായതിന്‍റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവന അപലപിക്കുന്നു. അതേ സമയം, ബി ആർ എസ്, ബിജു ജനതാദൾ, വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഇതുവരെയും നിലപാടറിയിച്ചിട്ടില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ലോക്സഭ സെക്രട്ടറി ജനറൽ എംപിമാ‍‌‍ർക്ക് ഓദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വെക്കുന്നത്. 

ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്തതാണ് ഇന്ത്യയുടെ ഇപ്പോഴുളള പാർലമെന്‍റ് മന്ദിരം. 96 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടയാളമായ ഈ കെട്ടിടത്തിൽ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതിൽ തുറക്കുകയാണ്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്ത്രിതിയിലാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിച്ചത്. രാജ്യസഭയിലും ലോക്സഭയിലുമായി 1,224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ സജീകരിച്ചിട്ടുണ്ട്. രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളാണുളളത്. ത്രികോണാകൃതിയിലുള്ള മന്ദിരത്തിന് ഗ്യാൻ, ശക്തി, കർമ എന്നിങ്ങനെ മൂന്ന് കവാടങ്ങളാണുളളത്. എല്ലാ എംപിമാർക്കും കെട്ടിടത്തിൽ പ്രത്യേക ഓഫീസുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ, എംപിമാർക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്. 

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു