ചുട്ടുപൊള്ളുന്ന റോഡിൽ കുട്ടികൾ വാടി വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കവറുകൊണ്ട് കാലുകൾ പൊതിഞ്ഞ് അമ്മ

By Web TeamFirst Published May 24, 2023, 9:38 AM IST
Highlights

രുക്മിണി എന്ന ആദിവാസി യുവതിയാണ് ചുട്ട് പൊള്ളിക്കിടക്കുന്ന റോഡിലൂടെ നടന്നു പോകാന്‍ കുട്ടികള്‍ക്ക് പ്ലാസ്റ്റിക് കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ഷിയോപൂര്‍: കൊടും ചൂടില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വലയുന്നതിനിടെ കുട്ടികള്‍ക്ക് ചെരുപ്പ് വാങ്ങാന്‍ സാധിക്കാത്ത അമ്മയുടെ നൊമ്പരം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പൊള്ളിക്കിടക്കുന്ന റോഡിലൂടെ നടക്കാന്‍ കുട്ടികളുടെ കാലുകള്‍ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിയേണ്ടി വന്ന അമ്മയുടെ ഗതികേടാണ് ചര്‍ച്ചയാവുന്നത്. മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്നുള്ളതാണ് കാഴ്ച. മെയ് 21 ഉച്ചയ്ക്ക് ശേഷമാണ് കാലില്‍ പ്ലാസ്റ്റിക് കവര്‍ പൊതിഞ്ഞ് റോഡിലൂടെ നടക്കുന്ന ആദിവാസി സ്ത്രീയുടേയും മക്കളുടേയും ചിത്രം പുറത്ത് വരുന്നത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്.

രുക്മിണി എന്ന ആദിവാസി യുവതിയാണ് ചുട്ട് പൊള്ളിക്കിടക്കുന്ന റോഡിലൂടെ നടന്നു പോകാന്‍ കുട്ടികള്‍ക്ക് പ്ലാസ്റ്റിക് കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഷഹാരിയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള യുവതിയാണ് രുക്മിണി. ടിബി ബാധിതനായ രുക്മിണിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. മൂന്ന് പിഞ്ചുകുട്ടികള്‍ അടക്കമുള്ള അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് രുക്മിണി. നഗരത്തിന്‍റെ പല ഇടങ്ങളിലായി ദിവസ വേതനത്തിന് നിരവധി തൊഴിലുകളാണ് രുക്മിണി ചെയ്യുന്നത്.

കുട്ടികളെ ഏല്‍പ്പിച്ചിട്ട് പോരാന്‍ ആരുമില്ലാത്തതിനാല്‍ കൂടെ കൂട്ടുകയാണ് പതിവ്. എന്നാല്‍ കൊടുംവെയിലില്‍ ചെരുപ്പ് പോലുമില്ലാത്ത നടത്തം കുട്ടികള്‍ക്ക് പ്രയാസകരമായതോടെയാണ് ഇത്തരമൊരു ശ്രമം രുക്മിണി നടത്തിയതെന്നാണ് ഇവരുടെ പ്രതികരണം. ചിത്രം വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. യുവതിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രാദേശിക ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരം രൂപ കൈക്കൂലി നല്‍കാനില്ലാതെ വന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കാതെ വന്ന 25കാരിക്ക് നടുറോഡില്‍ പ്രസവിക്കേണ്ട അവസ്ഥ ഉത്തര്‍ പ്രദേശില്‍ നേരിട്ടിരുന്നു. സുമന്‍ ദേവി എന്ന 25കാരിക്കായിരുന്നു ഇത്തരമൊരു ദുരവസ്ഥ നേരിട്ടത്. 

ഭർത്താവിന്റെ മരണശേഷം സതി അനുഷ്ടിക്കാൻ നിർബന്ധിച്ചു, എൻജിനീയർ നദിയിൽ ചാടി ആത്മഹത്യ ചെയ്തു ​

click me!