
കൊല്‍ക്കത്ത: വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചൊവ്വാഴ്ചയാണ് കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ ഗണേഷ് ജ്വല്ലറി ഹൗസ് ഇന്ത്യ ലിമിറ്റഡിന്‍റെ മുംബൈയിലെയും പൂനെയിലെയും ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. 25-ഓളം ബാങ്കുകളില്‍ നിന്നാണ് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ 2,672 കോടി രൂപ വായ്പയെടുത്ത ശ്രീ ഗണേഷ് ഗ്രൂപ്പ് ഈ പണം ഇന്ത്യയിലും വിദേശത്തുമുള്ള അനുബന്ധ കമ്പനികളുടെ വികസനത്തിനായി ഉപയോഗിച്ചെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.
ഗ്രൂപ്പിന്‍റെ സ്ഥാപകരായ നിലേഷ് പരേഖ്, കമലേഷ് പരേഖ്, ഉമേഷ് പരേഖ് എന്നിവര്‍ ചേര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത തുക കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ വികസനത്തിനായി അനധികൃതമായി ഉപയോഗപ്പെടുത്തി. സ്വര്‍ണ കയറ്റുമതിയിലൂടെ ലഭിച്ച പണം ഫാക്ടറികള്‍, ഷോറൂമുകള്‍, പല സ്ഥലങ്ങളിലായി ഓഫീസുകള്‍, ഫ്ലാറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ച കമ്പനി വായ്പയെടുത്ത പണം തിരിച്ച് അടച്ചില്ല.
ഇതേ തുടര്‍ന്ന് 2018-ല്‍ ശ്രീ ഗണേഷ് ഗ്രൂപ്പിന്‍റെ സ്ഥാപകരിലൊരാളായ നിലേഷ് പരേഖിനെ റെവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടിലെ പണം ഉള്‍പ്പെടെ ഏകദേശം 175 കോടി രൂപയുടെ സ്വത്തുക്കളാണ് ശ്രീ ഗണേഷ് ഗ്രൂപ്പിന്‍റേതായി പിടിച്ചെടുത്തെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam