കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് ജില്ലാ കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ചു

By Web TeamFirst Published Jul 27, 2019, 4:39 PM IST
Highlights

ഇവർ കോൺഗ്രസ് നേതാക്കളുടെ കാർ തടയുകയും പിന്നീട് കാറിൽ നിന്നും വലിച്ച് പുറത്തിറക്കിയ ശേഷം മർദ്ദിക്കുകയുമായിരുന്നു

ബേതുൽ: കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് രണ്ട് കോൺഗ്രസ് നേതാക്കളെ മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ നാട്ടുകാർ തല്ലിച്ചതച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും മർദ്ദനമേറ്റു.

ഇന്നലെ രാത്രി നവൽ സിംഘന ഗ്രാമത്തിലാണ് സംഭവം. ബേതുൽ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ധർമ്മേന്ദ്ര ശുക്ല, മറ്റൊരു നേതാവായ ധർമ്മു സിംഗ് ലഞ്ജിവാർ, ആദിവാസി നേതാവ് ലളിത് ഭരസ്‌കർ എന്നിവർ കാറിൽ ഷാഹ്‌പുറിൽ നിന്നും കെസിയ എന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

കുട്ടികളെ തട്ടിയെടുത്ത സംഘം ഇതുവഴി പോകുന്നുണ്ടെന്ന് വാർത്ത പരന്നതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചിരുന്നു. കുട്ടിക്കടത്തുകാരെന്ന് സംശയിച്ച് ഇവർ കോൺഗ്രസ് നേതാക്കളുടെ കാർ തടയുകയും പിന്നീട് കാറിൽ നിന്നും വലിച്ച് പുറത്തിറക്കിയ ശേഷം മർദ്ദിക്കുകയുമായിരുന്നു.

മൂന്ന് പേർക്കും പരിക്കേറ്റു. ഇവരുടെ കാറിനും കേടുപാടുണ്ട്. ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്നും എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട സംഘം പിന്നീട് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ആൾക്കൂട്ടം ഓടിയൊളിച്ചു. ദിലീപ് ബർകടെ, നാഥു ബർകടെ, മുക്തേശ്വർ, മനീഷ്, ദിനേശ് വിശ്വകർമ്മ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

click me!