
ദില്ലി: പൂനെയിൽ മദ്യലഹരിയിൽ ആഡംബര കാറോടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ
പ്രതിയായ പതിനേഴുകാരനെയും അമ്മ ശിവാനി അഗർവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ജുവനൈൽ ഹോമിൽ വച്ച് കൗമാരക്കാരനെ രണ്ടു മണിക്കൂർ ചോദ്യം ചെയ്യാൻ പൊലീസിന് അനുമതി ലഭിച്ചിരുന്നു. അമ്മ ശിവാനി അഗർവാളിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
മദ്യപിച്ചിട്ടില്ലെന്ന് വരുത്താൻ മകൻ്റെ രക്തസാംപിളിന് പകരം തന്റെ രക്തസാംപിൾ നൽകി ശിവാനി പരിശോധനയിൽ കൃത്രിമം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശിവാനിയെ ഇന്നലെ രാത്രിയാണ് അറസ്റ്റ്ചെയ്തത്. അട്ടിമറിയ്ക്ക് കൂട്ടുനിന്ന പുണെ സസൂൺ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ നേരത്തെ അറസ്റ്റിലായിരുന്നു. കുറ്റമേൽക്കാൻ കുടുംബഡ്രൈവറെ ഭീഷണിപ്പെടുത്തിയ പതിനേഴുകാരൻ്റെ അച്ഛൻ വിശാൽ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഢാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറിൽ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത് വന്നത്.
പ്രതിയുടെ അച്ഛനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കൽ ഓഫിസറും ഫൊറൻസിക് മേധാവിയും ചേർന്നാണ് രക്ത സാംപിളിൽ കൃത്രിമം നടത്തിയത്. പതിനേഴുകാരന്റെ രക്തസാംപിൾ ചവറ്റുകുട്ടയിലെറിഞ്ഞ ഡോക്ടർമാർ പകരം പരിശോധിച്ചത് അമ്മ ശിവാനി അഗർവാളിന്റെ രക്ത സാംപിളായിരുന്നു. ഇതോടെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജുവനൈൽ ഹോമിൽ കഴിയുന്ന പതിനേഴുകാരന്റെ കസ്റ്റഡി കാലാവധി അടുത്ത ബുധനാഴ്ച്ച തീരാനിരിക്കെയാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം നടന്ന ഉടൻ വിവരം കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് ഐയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam