
ദില്ലി: കോക്പിറ്റിനുള്ളില്‍ ഹോളി ആഘോഷം നടത്തിയ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടിയുമായി സ്പൈസ് ജെറ്റ്. കഴിഞ്ഞ ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അന്വേഷണം തീരുന്ന വരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. കോക്പിറ്റിനുള്ളില്‍ ഭക്ഷണ വസ്തുക്കള്‍ കൊണ്ട് പോവുന്നത് സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ ഉള്ള എയര്‍ലൈന്‍ ആണ് സ്പൈസ് ജെറ്റ്. ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ശിക്ഷാ നടപടികളുണ്ടാവുമെന്നും സ്പൈസ് ജെറ്റ് വക്താവ് വിശദമാക്കി.
കോക്പിറ്റിലെ ഫ്യുവല്‍ കട്ട് ഓഫ് ലിവറിന് മുകളിലാണ് പൈലറ്റുമാര്‍ ഗുജിയയും കാപ്പി പോലുള്ളൊരു പാനീയവും വച്ചിരുന്നത്. ഇലക്ട്രോണിക്സ് സംവിധാനത്തെ വരെ ബാധിക്കുന്ന രീതിയിലുള്ള തകരാറുകള്‍ക്ക് ഈ ഭാഗത്ത് വെള്ളം വീഴുന്നത് മൂലം സാധ്യതയുണ്ടെന്നിരിക്കെയാണ് പൈലറ്റുമാരുടെ ഗുരുതരമായ അശ്രദ്ധയെന്നതാണ് ശ്രദ്ധേയം. മാര്‍ച്ച് 8ാം തിയതി ദില്ലിയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലാണ് വിവാദ സംഭവങ്ങളുണ്ടായത്. സ്പൈസ് ജെറ്റ് എന്ന് കുറിച്ച കപ്പിനുള്ളിലായിരുന്നു പാനീയം സൂക്ഷിച്ചിരുന്നത്.
ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോക്പിറ്റില്‍ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് സ്പൈസ്ജെറ്റ് പിന്തുടരുന്നത്. തുളുമ്പി പോവുന്നത് ഒഴിവാക്കാന്‍ എപ്പോഴും കപ്പ് അടച്ച് സൂക്ഷിക്കണമെന്ന് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് പലഹാരവും പാനീയവും പൈലറ്റുമാര്‍ കണ്‍സോളില്‍ വച്ചത്. എന്നാല്‍ ഫോട്ടോ എന്നാണ് എടുത്തതെന്ന് ഇനിയും വ്യക്തമാവാനുണ്ട്. ചിത്രം വൈറലായതോടെ പെലറ്റുമാരുടെ പെരുമാറ്റത്തിന് വലിയ വിമര്‍ശനമാണ് ഉയരുന്നത്.