
ജോധ്പൂർ: ജോധ്പൂരിലെ ഒരു ബാറിൽ നിന്നും ബിയറുകളും ഭക്ഷണവും വാങ്ങിയ കസ്റ്റമറിന് 20% അധിക തുക 'പശു സെസ്' ഈടാക്കിയ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പശുക്കളുടെയും ഗോശാലകളുടെയും സംരക്ഷണത്തിനും വേണ്ടിയെന്ന പേരിലാണ് 'പശു സെസ്' (Cow Cess) ഈടാക്കിയത്. ബില്ലിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് എതിർത്തും അനൂകൂലിച്ചും പ്രതികരിച്ച് രംഗത്തെത്തിയത്.
ജോധ്പൂരിലെ പാർക്ക് പ്ലാസയിലെ ഒരു ബാറിൽ ഒരാൾ കോൺഫ്രിട്ടേഴ്സും 6 ബിയറുകളും ഓർഡർ ചെയ്തു. 2,650 രൂപയാണ് ആകെ ചിലവായത്. എന്നാൽ ജിഎസ്ടി, വാറ്റ് എന്നിവയ്ക്ക് ഒപ്പം 20% ഗോ സെസ് എന്ന പേരിലും ഈടാക്കി. അങ്ങനെ ആകെ തുക 3,262 രൂപയായി. ബിൽ വൈറലായതോടെ ഇത്തരമൊരു നികുതി ചുമത്തുന്നതിലെ യുക്തിയെക്കുറിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
എന്നാൽ പശു സെസ് 2018-ൽ തന്നെ നിലവിൽ വന്നതാണെന്നും അന്ന് മുതൽ മദ്യ വിൽപ്പനയിൽ ഇത് ഈടാക്കുന്നുണ്ടെന്നുമാണ് സർക്കാരും ഹോട്ടൽ അധികൃതരും വ്യക്തമാക്കുന്നത്. 2018 മുതൽ മദ്യവിൽപ്പനയിന്മേൽ സെസ് പിരിക്കുന്നുണ്ട്. പശു സംരക്ഷണത്തിനായി ഈ തുക കൃത്യമായി അടയ്ക്കുന്നുണ്ട്. മദ്യത്തിന് മേൽ 20% വാറ്റ് ഈടാക്കുമ്പോൾ, വാറ്റ് തുകയുടെ 20% പശു സെസ് ആയി ഈടാക്കുന്നു. ഇത് ബിയറിനും മദ്യത്തിനും മാത്രമുള്ളതാണ്. മിക്ക ഹോട്ടലുകളും ഇതിനെ ഒരു സർചാർജ് എന്നാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഞങ്ങൾ 'ഗോ സെസ്' എന്ന് വ്യക്തമായി രേഖപ്പെടുത്തുന്നു. ഈ തുക ഗോ സംരക്ഷണത്തിനും പ്രചാരണത്തിനുമുള്ള സെസ് ആയി സർക്കാർ പോർട്ടലുകളിൽ അടക്കുന്നുണ്ടെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി.
2018 മുതൽ നിലവിലുണ്ടായിരുന്നിട്ടും, ബില്ലിൽ 'പശു സെസ്' എന്ന് വ്യക്തമായി രേഖപ്പെടുത്തിയതാണ് ഈ വിഷയം വീണ്ടും ശ്രദ്ധയിൽ വരാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. മദ്യ വിൽപ്പനയുടെ വാറ്റിന്മേൽ മാത്രമാണ് പശു സെസ് ചുമത്തുന്നതെന്നും ഭക്ഷണ പദാർത്ഥങ്ങൾക്ക് വാറ്റിന് പകരം ജിഎസ്ടിയാണ് ബാധകമാകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
2018 ജൂൺ 22-ന്, അന്നത്തെ വസുന്ധര രാജെ സർക്കാരാണ് മൂല്യവർദ്ധിത നികുതി നിയമം 2003 പ്രകാരം വ്യാപാരികൾ വിൽക്കുന്ന വിദേശ മദ്യം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, നാടൻ മദ്യം, ബിയർ എന്നിവയ്ക്ക് 20% സർചാർജ് ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പശു സംരക്ഷണത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച ഒരു ഫണ്ടിലേക്കാണ് ഈ തുക നിക്ഷേപിക്കുന്നത്. വസുന്ധര രാജെയുടെ മുൻ ഭരണകാലത്ത് സർചാർജ് 10% ആയിരുന്നു. ഗോശാലകളെ പിന്തുണയ്ക്കുന്നതിനും പശു സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി 2018-ൽ ഈ സർചാർജ് മദ്യത്തിലേക്ക് കൂടി വ്യാപിപ്പിച്ചു. തുടർന്ന് വന്ന അശോക് ഗെലോട്ടിൻ്റെ കോൺഗ്രസ് സർക്കാരും ഈ സെസ് തുടർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam