
ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20വയസുകാരിയാണ് മരിച്ചത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. മണിപ്പൂരിൽ കലാപത്തിനിടെ നിരവധി പെൺകുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെൺകുട്ടികൾ അപമാനിതരായി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20കാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട 4പേരുടെ സംഘമാണ് കുന്നിൻമുകളിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്.
അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല. ശരീരത്തിൽ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam