
ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. വിദ്യാദ്യാസമന്ത്രി കൂടിയായ മനീഷ് സിസോദിയയും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ചേര്‍ന്ന് സ്കൂളുകളിൽ ക്ലാസ്സ് മുറികൾ നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ദില്ലി പൊലീസിൽ ബിജെപി പരാതി നൽകിയത്. സ്കൂളുകളുടെ നിർമ്മാണത്തിൽ ദില്ലി സർക്കാർ രണ്ടായിരം കോടിയുടെ അഴിമതി നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം.
800 കോടി രൂപയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട ക്ലാസ്സ് മുറികൾക്കായി കെജ്‍രിവാള്‍ സര്‍ക്കാര്‍ 2000 കോടി രൂപ കൂടുതലായി ചെലവാക്കിയെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് എംപിയും ബിജെപി ദില്ലി അധ്യക്ഷനുമായ മനോജ് തിവാരി ആരോപിക്കുന്നത്. '24.86 ലക്ഷം രൂപയ്ക്കാണ് 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ലാസ് മുറി ദില്ലി സര്‍ക്കാര്‍ നിര്‍മ്മിച്ചത്. 12,782 ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ ചെലവഴിച്ചത് 2,892 കോടി രൂപയാണ്. ഇത് 800 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാവുന്നതായിരുന്നു. ഇതില്‍ 2000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്', മനോജ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്കൂള്‍ നിര്‍മ്മാണത്തിനായി കരാര്‍ ഏറ്റെടുത്ത 34 കോണ്‍ട്രാക്ടര്‍മാരില്‍ പലരും കെജ്‍രിവാളിന്‍റെയും സിസോദിയയുടെയും സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും മനോജ് തിവാരി ആരോപിച്ചു. അഴിമതി നടന്നതിന്‍റെ തെളിവുകള്‍ ബിജെപിയുടെ പക്കലുണ്ട്. അത് ലോക്പാലിന് കൈമാറുമെന്നും തിവാരി കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി മനീഷ് സിസോദിയ രംഗത്ത് വന്നിരുന്നു. ആരോപണം തെളിയിക്കാന്‍ മനോജ് തിവാരിയെ സിസോദിയ വെല്ലുവിളിച്ചു. 2000 കോടി രൂപയുടെ അഴിമതി നടത്തിയ ആള്‍ ദില്ലിയില്‍ സ്വതന്ത്രനായി വിഹരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതില്‍പ്പരം നാണക്കേടില്ല. കെജ്‍രിവാളും സിസോദിയയും അഴിമതി നടത്തിയെങ്കില്‍ വൈകുന്നേരത്തിനകം അറസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ പൊതുജനത്തോട് മാപ്പ് പറയുകയോ ചെയ്യാണമെന്നും സിസോദിയ ബിജെപിയെ വെല്ലുവിളിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam