
മുംബൈ: 2003ൽ മുംബൈയെ നടുക്കിയ ഇരട്ടസ്ഫോടനത്തിന്‍റെ വാർഷികമാണ് ഇന്ന്. തീവ്രവാദം രാജ്യത്തിനേൽപിച്ച മുറിവുകളിൽ ഒന്നാണ് 54 പേരുടെ ജീവനെടുത്ത ആ കറുത്ത ദിനം. നട്ടുച്ച വെയിൽ മായുന്നതേയുണ്ടായിരുന്നുള്ളൂ. മുംബൈയിലെ ഹൃദയത്തിൽ രക്തം വീഴ്ത്തി ആദ്യ സ്ഫോടനം. മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നിൽ കാർ പൊട്ടിത്തെറിച്ചു. ഏറെ വൈകിയില്ല. മുംബൈ സെൻട്രലിലെ സവേരി ബസാറിലും ഒരു കാർ പൊട്ടിത്തെറിച്ചു. വീണ്ടുമൊരു സ്ഫോടന പരമ്പരയ്ക്ക് നഗരം സാക്ഷായാവുകയാണോ എന്ന് ഭയന്ന നിമിഷങ്ങൾ. രണ്ടിടത്ത് മാത്രം ഒതുങ്ങി നിന്നെങ്കിലും 200 ഓളം പേരെ പരിക്കേൽപിക്കാൻ സ്ഫോടനങ്ങൾക്കായി. ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിലും പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്കർ ഇ തൊയ്ബയുടെ പങ്ക് പതിയെ തെളിഞ്ഞ് വന്നു. ഹനീഫ് സെയ്ദ് , ഭാര്യ ഫമീദ , അഷ്റഫ് അൻസാരി എന്നീ മൂന്ന് പേർ പിടിയിലായി.
ദുബായിൽ നിന്ന് തീവ്രവാദ സംഘത്തിൽ ചേർന്നയാളാണ് ഹനീഫ്, കുറ്റകൃത്യത്തിൽ പങ്കാളിയായി ഇരകളെ തെരഞ്ഞെടുത്തിരുന്നത് ഫമീദ. കാറുകളിൽ ബോബ് വച്ചത് അൻസാരി.പ്രകോപനം ഗുജറാത്ത് കലാപം. ഇതായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. വധശിക്ഷതന്നെ വിചാരണ കോടതി വിധിച്ചു. ഹൈക്കോടതിയും ശരിവച്ചു.
Read More.... ക്രൂരതയ്ക്ക് നടപടി; ഫീസ് അടയ്ക്കാൻ വൈകിയ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ
2002ൽ അന്ധിരിയിൽ ബോംബ് വച്ചതും, 2003 ജൂലെയിൽ ഗാഡ്കോപ്പറിൽ സ്ഫോടനം നടത്തിയും ഇതേ സംഘമെന്ന് അന്വേഷ ഉദ്യോഗസ്ഥർ കണ്ടെത്തി. 2008 ഭീകരാക്രമണം പോലെ പിന്നെയും മുംബൈ നഗരം സമാന പ്രതിസന്ധികാലങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. തിരിച്ചടിയിൽ നിന്നും കരകയാറാൻ പഠിച്ച നഗരമാണിത്. തീവ്രവാദികൾക്ക് മുന്നിൽ തോൽക്കാതെ അത് മുന്നോട്ട് നീങ്ങുകയാണ്.