
ദില്ലി: അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന് എതിരായ 2009ലെ കോടതി അലക്ഷ്യ കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി. കേസ് മാറ്റേതെങ്കിലും ബെഞ്ച് സെപ്റ്റംബര്‍ 10ന് പരിഗണിക്കുമെന്ന് കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 2ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുകയാണ്. ഈ കേസ് വിശദമായി വാദം കേൾക്കേണ്ടതിനാൽ അതിനുള്ള സമയമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
സിറ്റിംഗ്, റിട്ടേര്‍ഡ് ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി അഴിമതി ആരോപണങ്ങൾ ഉന്നയിക്കാമോ, അതിന് പ്രത്യേക സംവിധാനം ആവശ്യമാണോ തുടങ്ങിയ പരിഗണന വിഷയങ്ങൾ കോടതി തീരുമാനിച്ചിരുന്നു. വിമര്‍ശനം ഉന്നയിക്കുന്നത് കോടതി അലക്ഷ്യമെന്ന് കാണിച്ച് പ്രശാന്ത്
ഭൂഷണും ചില നിര്‍ദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. കേസിൽ അറ്റോര്‍ണി ജനറലിന്‍റെ വാദം കേൾക്കുന്നതിനൊപ്പം അമിക്കസ്ക്യൂറിയെ
നിയമിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. സമയക്കുറവ്മൂലമാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിശദീകരിച്ചു.
കേസിൽ വാദിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് നടപടികൾ ജസ്റ്റിസ് മിശ്ര അവസാനിപ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ ചിലര്‍
അഴിമതിക്കാരാണെന്ന് 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിനെതിരെയാണ് ഈ കോടതി അലക്ഷ്യ കേസ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരായ ട്വീറ്റിന്റെ പേരിലുള്ള കോടതി അലക്ഷ്യ കേസിൽ മാപ്പുപറയില്ലെന്ന് അറിയിച്ച് പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാങ്മൂലവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാൻ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്‍റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാങ്മൂലത്തിൽ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം നൽകണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. അത് തള്ളിയ സാഹചര്യത്തിൽ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതിൽ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam