കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രമല്ല, ദുരൂഹമെന്ന് മമത ബാനര്‍ജി

By Web TeamFirst Published Jul 21, 2019, 9:21 PM IST
Highlights

' ബിജെപിയുമായി എന്ത് മത്സരം ? ആരാണവര്‍ ? ബംഗാളില്‍ ആര്‍ക്കും അവരെ അറിയില്ല' കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ മമത ബാനര്‍ജി പറഞ്ഞു 

കൊല്‍ക്കത്ത: പണവും പൊലീസും ഇവിഎം മെഷീനുകളും ഉപയോഗിച്ച് ബിജെപി പശ്ചിമ ബംഗാളിനെ ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എല്ലാം നഷ്ടപ്പെടുമെന്നും മമത പറഞ്ഞു. ബാലറ്റ് വോട്ടിംഗ് സംവിധാനം തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട മമത,  കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രമല്ല, മറിച്ച് ദുരൂഹമാണെന്നും പറഞ്ഞു. ഇന്ന് ഉച്ചയോടെ കൊല്‍ക്കത്തയില്‍ നടന്ന നറാലിയിലാണ് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 

ചില ബിജെപി നേതാക്കള്‍ ടിഎംസി നേതാക്കളെ പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. ഇതേ തരത്തില്‍ ഞങ്ങള്‍ തിരിച്ചുചെയ്താല്‍ നിങ്ങള്‍ക്ക് താങ്ങാനാകുമെന്ന് കരുതുന്നുണ്ടോ എന്നും മമത ചോദിച്ചു. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ സര്‍ക്കാരിനും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണിയാണ് മമത മറുപടി നല്‍കിയത്. 

'' ബിജെപിയുമായി എന്ത് മത്സരം ? ആരാണവര്‍ ? ബംഗാളില്‍ ആര്‍ക്കും അവരെ അറിയില്ല. ആര്‍എസ്എസ് ഗുണ്ടകളാണ് സ്കൂളുകള്‍ വഴി മോശം കാര്യങ്ങള്‍ ചെയ്യുന്നത്. ബിഹാറില്‍ ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഭരണകൂടം പൊലീസിനെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നമ്മള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ ശ്രദ്ധാലുക്കളായിരിക്കണം. '' - മമത ബാനര്‍ജി പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുകളാണ് ബിജെപി നേടിയത്. 1993 ല്‍ മമത ബാനര്‍ജിയുടെ റാലിക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ മരിച്ചവരുടെ രക്തസാക്ഷിദിനം ആചരിച്ചുകൊണ്ടാണ് കൊല്‍ക്കത്തയില്‍ ഇന്ന് റാലി സംഘടിപ്പിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികളുടെ തുടക്കമായാണ് മമതയുടെ റാലിയെ വിലയിരുത്തുന്നത്. 

 

click me!