പൗരത്വ ഭേദഗതി; കാന്‍പൂരില്‍ 21,500 പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 24, 2019, 7:58 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് കാന്‍പൂരില്‍ 21,500 പേര്‍ക്കെതിരെ കേസ്.

കാന്‍പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് കാന്‍പൂരില്‍ 21,500 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. കാന്‍പൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍  15 എഫ്ഐആറുകളിലായാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

'15 എഫ്ഐആറുകളിലായി 21,500 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 13 പേര്‍ അറസ്റ്റിലായി. ഇതില്‍ 12 പേരെ  ബേക്കണ്‍ഗഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ബില്‍ഹൗറില്‍ കസ്റ്റഡിയിലാണ്'- കാന്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ പറഞ്ഞു. എഫ്ഐആര്‍ പ്രകാരം കേസെടുത്ത ഭൂരിഭാഗം പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാബുപുര്‍വ പൊലീസ് 5000 പേര്‍ക്കെതിരെയും യതീംഗഞ്ചില്‍ 4000 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സമ്മതിച്ചിരുന്നു. ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പൊലീസിൻറെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. വെടിവെപ്പിനിടെയാണ് പലരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍,.

click me!