
ചെന്നൈ: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തീർത്ഥാടക സംഘത്തെ മന്ത്രിമാരായ നാരായണ സ്വാമി ആനന്ത്, ഡി ശരത് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തങ്ങൾക്കിത് രണ്ടാം ജന്മമാണെന്ന് മടങ്ങിയെത്തിവർ പ്രതികരിച്ചു. നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. തീർത്ഥാടക സംഘം സഞ്ചരിച്ച മൂന്നു ബസുകൾ പ്രളയത്തിൽ അകപ്പെട്ടതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായി ഡ്രൈവറുടെ സീറ്റിന് സമീപത്തുകൂടി പുറത്തിറങ്ങി മലമുകളിൽ അഭയം തേടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം ഇവരെ രക്ഷപ്പെടുത്തി ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലേക്ക് എത്തിക്കുകയായിരുന്നു.
മടങ്ങിയെത്തിയ സംഘത്തിൽ ഉൾപ്പെടുന്ന വിജയഭുവനേശ്വരി ദുരന്തത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: "മിന്നൽ പ്രളയം ഞങ്ങളുടെ മൂന്ന് ബസുകളിലും പതിച്ചപ്പോൾ ബോംബ് സ്ഫോടനം പോലെ വലിയൊരു ശബ്ദമുണ്ടായി. ഞങ്ങളുടെ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും വാഹനങ്ങൾ ഞങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ കുടുങ്ങിപ്പോയി, രക്ഷപ്പെടാനായി ഞങ്ങൾ ബസിന് മുകളിലേക്ക് കയറി. പിന്നീട് ഞങ്ങൾ മലമുകളിലേക്ക് കയറി, അവിടെ ഒരു ആംഡ് റിസർവ് പൊലീസ് ക്യാമ്പ് ഉണ്ടായിരുന്നു. പൊലീസുകാർ ഞങ്ങളെ സഹായിക്കുകയും അഭയം നൽകുകയും ചെയ്തു"
നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് 90 ശതമാനം ഉറപ്പിച്ചിരുന്നതായും മകളെക്കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും വിജയഭുവനേശ്വരി പറഞ്ഞു. ഇത് തന്റെ പുനർജന്മമാണ്. തനിക്ക് പരാതികളൊന്നുമില്ല. പ്രകൃതിയോട് മറ്റുള്ളവർ വരുത്തുന്ന തെറ്റുകൾക്ക് എപ്പോഴും വലിയ വില നൽകേണ്ടിവരുന്നത് പാവപ്പെട്ടവരാണെന്നും അവർ പറഞ്ഞു. അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്ന് സംഘത്തിലെ മുതിർന്ന പൗരയായ വല്ലിനായകി പറഞ്ഞു. സംഭവം കോൺക്രീറ്റിന്റെ അഗ്നിപർവത സ്ഫോടനം പോലെയായിരുന്നു എന്നും അവർ ഓർത്തെടുത്തു.
പെട്ടെന്നാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നും ചെളിനിറഞ്ഞ വെള്ളവും കുത്തിയൊഴുകി വരുന്നത് കണ്ടുവെന്നും മറ്റൊരാൾ പറഞ്ഞു. ഡാം തുറന്നുവിട്ടതാണെന്നാണ് കരുതിയത്. ഒരു ലോറിയും ബസും ഒഴുക്കിൽപ്പെട്ടു. അടുത്തത് തങ്ങളായിരിക്കുമെന്ന് ഭയന്നു. ഡ്രൈവറുടെ സീറ്റിലൂടെയാണ് പുറത്തുകടന്നത്. അതിനുശേഷം പത്തടി മുകളിലേക്ക് കയറി. പിന്നീട് പൊലീസ് തങ്ങളെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെനിന്ന് നേപ്പാൾ ആർമിയുടെ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലേക്ക് എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഏകദേശം 400 പേർ തമിഴ്നാട്ടിൽനിന്ന് നേപ്പാളിലേക്ക് പോയിരുന്നതായാണ് മന്ത്രി രാജ് മോഹൻ പറയുന്നത്. 140 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 80 പേർ ഇപ്പോഴും കാണാമറയത്താണ്. രക്ഷപ്പെട്ടവരെ കാഠ്ണ്ഡുവിൽ എത്തിച്ച ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി തമിഴ്നാട്ടിൽ നിന്നുള്ള നാല് മന്ത്രിമാരുടെ സംഘം ദില്ലിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam