രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഇരുപത്തിയൊന്നുകാരൻ; ഇത് പുതുചരിത്രം

By Web TeamFirst Published Nov 21, 2019, 5:16 PM IST
Highlights

ദിവസവും 12 മുതൽ 13 മണിക്കൂർ വരെ പഠിച്ചാണ് 2018ലെ രാജസ്ഥാൻ ജ്യുഡീഷ്യൽ സർവീസ് പരീക്ഷയിൽ (ആര്‍ജെഎസ്) ഉയർന്ന മാർക്കോടെ  മയാന്‍ക് പ്രതാപ് സിം​ഗ് പാസ്സായത്. 

ജയ്പൂര്‍: രാജസ്ഥാനിലെ ഏറ്റവും പ്രായം കുറ‍ഞ്ഞ ജഡ്ജിയായി ഇരുപത്തിയൊന്നുകാരൻ. ജയ്പൂരിലെ മാനസസരോവർ സ്വദേശിയായ മയാന്‍ക് പ്രതാപ് സിം​ഗ് ആണ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന ഖ്യാതിയും മയാൻകിന് സ്വന്തമായിരിക്കുകയാണ്.

ദിവസവും 12 മുതൽ 13 മണിക്കൂർ വരെ പഠിച്ചാണ് 2018ലെ രാജസ്ഥാൻ ജ്യുഡീഷ്യൽ സർവീസ് പരീക്ഷയിൽ (ആര്‍ജെഎസ്) ഉയർന്ന മാർക്കോടെ പാസ്സായതെന്ന് മയാൻക് പറഞ്ഞു. വളരെയധികം സന്തോഷമുണ്ട്. നല്ല വിജയമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഒര നല്ല ജഡ്ജി എന്നാൽ സത്യസന്ധനായിരിക്കണം. ബാഹ്യ പ്രലോഭനങ്ങളിൽ വീഴുകയോ കയ്യൂക്കിനും പണത്തിനും അടിമപ്പെടുകയോ ചെയ്യരുതെന്നും മയാൻക് കൂട്ടിച്ചേർത്തു.

രാജസ്ഥാന്‍ സര്‍വകലാശാലയിൽ നിന്ന് ഏപ്രിലിലാണ് മയാൻക് അഞ്ച് വർഷത്തെ നിയമ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന് ശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു മയാൻക്. ആദ്യ ശ്രമത്തിൽ തന്നെ മയാൻക് ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് ആര്‍ജെഎസ് പരീക്ഷയ്ക്ക് വേണ്ട പ്രായം 21 വയസ്സ് ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി ഇറക്കിയത്. ഇതിന് മുമ്പ്, 23 വയസ്സ് ആയിരുന്നു പരീക്ഷയ്ക്ക് വേണ്ട പ്രായം.

 
 

click me!