റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി
ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഊർജ്ജ സുരക്ഷക്ക് കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ഉറപ്പാക്കേണ്ടതുണ്ട്. ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാനാകുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഓരോ സമയത്തെയും വിലയും ആഗോള സാഹചര്യവും നോക്കിയാവും ഇറക്കുമതി നിശ്ചയിക്കുക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ അറിയിച്ചതായുള്ള ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിലെ പരാമർശത്തിന് വിദേശകാര്യ സെക്രട്ടറി നേരിട്ട് മറുപടി നല്കിയില്ല.
അതേസമയം, റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ മൗനം തുടരുകയാണ്. യുഎസ് വ്യാപാര കരാർ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, പക്ഷേ ഇതിനായി റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. യുഎസിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരല്ലെന്ന് മാത്രമാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. ഇന്ത്യ -അമേരിക്ക കരാർ പ്രകാരം, 50,000 കോടി ഡോളറിന്‍റെ (ഏകദേശം 45.28 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രസ്താവന. കരാറിൽ പ്രകടിപ്പിച്ചത് 'താല്പര്യം' എന്ന് സർക്കാർ വൃത്തങ്ങൾ. ഇത് വാങ്ങുമെന്ന് ഉറപ്പായി എഴുതി ചേർത്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വാദിക്കുന്നു.
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. ഇതിനൊപ്പം തന്നെ ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലെന്നും, പാർലമെന്‍റിൽ വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉന്നയിക്കാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകി.
അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയൻസും നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, താരിഫ് കുറയ്ക്കാനുള്ള ഉത്തരവിൽ രേഖപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പുതിയ റോയിറ്റേഴ്സ് റിപ്പോർട്ട് പുറത്തു വന്നത്. ഇന്ത്യ അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്‍റെ കരുത്തിന്‍റെ സൂചനയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ വിശേഷിപ്പിച്ചത്. എന്നാൽ, കരാറിൽ അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പുതിയ കരാർ നൽകുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ഏപ്രിൽ മാസം മുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയവും, റിലയൻസ് കമ്പനിയും നിര്‍ത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ എണ്ണ വാങ്ങുന്നതിനുള്ള കരാർ നേരത്തെ റഷ്യയ്ക്ക് നൽകിയിരുന്നു. എണ്ണകമ്പനികൾ റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.



