
അയോധ്യ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ച 15,000ത്തോളം ചെക്കുകള്‍ മടങ്ങി. ഇതിന്‍റെ മൂല്യം ഏതാണ്ട് 22 കോടിയോളം വരുമെന്നാണ് രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നത്. രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സാങ്കേതിക പ്രശ്നങ്ങളും, ചെക്ക് നല്‍കിയ വ്യക്തിയുടെ അക്കൌണ്ടില്‍ പണമില്ലാത്തതുമാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയുടെ വാക്കുകള്‍ പ്രകാരം, സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മാറ്റാന്‍ പറ്റുന്ന ചെക്കുകള്‍ ആ തരത്തില്‍ തന്നെ പണമാക്കുവാന്‍ ബാങ്കുകളുമായി ശ്രമം നടത്തുന്നുണ്ട്. ബാക്കിയുള്ള ഭക്തരോട് വീണ്ടും പണം സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെടും. മടങ്ങിയ ചെക്കുകളില്‍ 2,000ത്തോളം ചെക്കുകള്‍ അയോധ്യയില്‍ നിന്ന് തന്നെ സ്വീകരിച്ചവയാണ്.
വിഎച്ച്പി കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam