
ദില്ലി : ലോകത്തിലെ ഏറ്റവും മലിനമായ മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ പട്ടികയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2020ലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഹോറ്റന്‍ നഗരമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണുള്ളത്. രണ്ട് മുതല്‍ 14 വരെ ഈ പട്ടികയില്‍ ഇടം നേടിയത് ഇന്ത്യയിലെ നഗരങ്ങളാണ്.
രാജ്യ തലസ്ഥാനമായ ദില്ലി പത്താം സ്ഥാനത്താണുള്ളത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ബുലന്ദ്ഷഹര്‍,ബിസ്റാഖ് ജലാല്‍പൂര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാണ്‍പൂര്‍,ലഖ്നൗ, മീററ്റ്, ആഗ്പ, മുസാഫര്‍നഗര്‍ നഗരങ്ങളും ഈ പട്ടികയില്‍ മുന്നിലാണ്. 106 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഗതാഗതം, പാചകം, വൈദ്യുതി ഉല്‍പാദനം, വ്യവസായം, നിര്‍മ്മാണം, മാലിന്യം കത്തിക്കല്‍ എന്നിവയാണ് മലിനീകരണത്തിന്‍റെ പ്രധാന കാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും മലിനമായ രാജ്യ തലസ്ഥാനം ദില്ലിയാണ്. എന്നാല്‍ 2019നെ അപേക്ഷിച്ച് ദില്ലിയിലെ വായുവിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ദില്ലിക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ലോക്ഡൗണാണ് ദില്ലിയിലെ വായു നിലവാരം ഉയര്‍ന്നതിന് കാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 2020ല്‍ വായു മലിനീകരണത്തില്‍ അപ്രതീക്ഷിതമായ മാറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2021ല്‍ വായു മലിനീകരണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam