വിദ്യാർത്ഥിനിയുടെ ഫോണിൽ നിന്ന് കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പെൺകുട്ടിയും ഒരു യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിലും പുരുഷന്‍റെ മുഖം മറച്ച നിലയിലുമായിരുന്നു വീഡിയോ.

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 കാരിയായ എംബിഎ വിദ്യാർത്ഥിനിയെ സഹപാഠിയുടെ അങ്കിൾ ഗലിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി നഗ്നയാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹപാഠി പിയൂഷ് ധനോട്ടിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പീയുഷിന്‍റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടനുള്ളിൽ 24കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹം കാലിലെ സോക്സ് കണ്ടാണ് പിതാവ് തിരിച്ചറിഞ്ഞത്.

ചൊവ്വാഴ്ചയാണ് ഇൻഡോറിലെ സാൻവർ റോഡിലുള്ള കോളേജിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയായ 24 കാരിയെ കാണാതായത്. ജനന സർട്ടിഫിക്കറ്റ് ശരിയാക്കാൻ പിതാവിനൊപ്പം വീട്ടിൽ നിന്നിറങ്ങിയ യുവതി അന്ന് വൈകുന്നേരം താൻ സഹപാഠിയായ പിയൂഷ് ധനോട്ടിയയ്‌ക്കൊപ്പം ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. എന്നാൽ രാത്രി പെൺകുട്ടി തിരിച്ചെത്തിയില്ല. അന്ന് രാത്രി അവൾ തന്റെ കുടുംബത്തോട് പറഞ്ഞു. അവൾ ഒരിക്കലും തിരിച്ചെത്തിയില്ല. അന്ന് രാത്രി വിദ്യാർത്ഥിനിയുടെ ഫോണിൽ നിന്ന് കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പെൺകുട്ടിയും ഒരു യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിലും പുരുഷന്‍റെ മുഖം മറച്ച നിലയിലുമായിരുന്നു വീഡിയോ.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കോളേജ് മാനേജ്മെന്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വീഡിയോ നീക്കം ചെയ്യുകയും ബുധനാഴ്ച പെൺകുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ട് വീഡിയോയെക്കുറിച്ചും, മകളുടെയും വീഡിയോയിലുള്ള യുവാവെന്ന് സംശയിക്കുന്ന പീയുഷിന്‍റേയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അറിയിച്ചു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് പരാതിയിൽ കാര്യമായ അന്വേഷണം നടത്തിയില്ല. ദ്വാരികപുരി പ്രദേശത്തെ അങ്കിൾ ഗലിയിലുള്ള പിയൂഷ് ധനോട്ടിയയുടെ വീട്ടിൽ ഒരു പൊലീസുകാരൻ എത്തിയെങ്കിലും വീട് പുറത്തു നിന്ന് പൂട്ടിയതിനാൽ തിരിച്ച് പോയെന്ന് കുടുംബം ആരോപിച്ചു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പീയുഷിന്‍റെ വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വൈദ്യപരിശോധനയിൽ മരണ സമയം ഏകദേശം മൂന്ന് ദിവസം മുമ്പാണ്. കൊല്ലപ്പെട്ട യുവതിയും പീയഷും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പീയുഷ് മകളുടെ ഫോണിൽ നിന്നും ആക്ഷേപകരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും, മകളുടെ സുഹൃത്തുക്കൾക്കടക്കം അവ അയക്കുകയും ചെയ്തുവെന്നും മരണത്തിന് മുമ്പ് മകൾ ഇളയ സഹോദരിയെ വിളിച്ച് ചില ആശങ്കകൾ പങ്കുവെച്ചിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.

യുവതിയുടെ കഴുത്തിൽ കയറിന്റെ പാടുകൾ ഉണ്ടായിരുന്നു. പീയുഷ് യുവതിയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. പെൺകുട്ടിക്കൊപ്പമുള്ള അശ്ലീല വീഡിയോ കോളേജ് വാട്ട്സാപ്പിൽ പോസ്റ്റ് ചെയ്തതും ഇയാളാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുരയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണ ലാൽചന്ദാനി അറിയിച്ചു.