
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയില്‍ നിന്ന് എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ തൃണമൂലിലേക്ക് തന്നെ മടങ്ങുമെന്നുള്ള സാധ്യതക്ക് ബലമേറുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് 24 ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയത്.
മൊത്തം 74 എംഎല്‍എമാരില്‍നിന്ന് 24 പേര്‍ പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക് തന്നെ മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്കെത്തിയത്. ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു മമതയെ തോല്‍പ്പിച്ചിരുന്നു. ബിജെപിയിലെ മറ്റ് നേതാക്കളെ ഒഴിവാക്കി, സുവേന്ദുവിന് പ്രതിപക്ഷ സ്ഥാനം നല്‍കിയതില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തിയത്. മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തി. 30ഓളം എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam