മാധ്യമപ്രവർത്തകൻ സുലഭ് ശ്രീവാസ്തവയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക

By Web TeamFirst Published Jun 15, 2021, 2:39 PM IST
Highlights

കുടുംബത്തിന് അൻപത് ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു

ദില്ലി: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ സുലഭ് ശ്രീവാസ്തവയുടെ  മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതുസംബന്ധിച്ച് യുപി മുഖ്യമന്ത്രിക്ക് പ്രിയങ്ക കത്തയച്ചു. കുടുംബത്തിന് അൻപത് ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. അതെസമയം സുലഭ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകാതെയിരുന്ന പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്

എബിപി ചാനലിൽ റിപ്പോർട്ടർ സുലഭ് ശ്രീവാസ്തവയുടെ മരണത്തിൽ യുപിയിൽ ഉയരുന്നത് കടുത്ത പ്രതിഷേധം. മരണം ബൈക്ക് അപകടത്തിലാണെന്ന്  ആദ്യം പറഞ്ഞ പൊലീസ് പിന്നീട് പ്രതിഷേധത്തെ തുടർന്നാണ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. മുഖത്ത് ഗുരുതരപരിക്കേറ്റ് ദേഹത്ത് നിന്ന് വസ്ത്രങ്ങൾ മാറിയ നിലയിലാണ് സുലഭിനെ കണ്ടെത്തിയതെന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതാപഘട്ടിലെ മദ്യമാഫിയയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണമെന്നാണ് പൊലീസ് പറയുന്നത്.

അതെസമയം പൊലീസ് അന്വേഷണത്തിൽ  സത്യം പുറത്ത് വരുമെന്ന് വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കൃതൃസമയത്ത സുലഭിന് സുരക്ഷ നൽകാൻ പൊലീസിന് വീഴ്ച്ച വരുത്തിയെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.

സുലഭിന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധം ഉത്തർപ്രദേശിലെ മാധ്യമസമൂഹം ഉയർത്തിരിക്കുന്നത്. കേസിൽ അലഹബാദ് ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. പ്രതാപ്ഘട്ടിലെ മദ്യമാഫിയെക്കതിരെ നിരന്തരം വാർത്തകൾ നൽകിയിരുന്ന സുലഭ് ജീവൻ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതാപ്ഘട്ട് പൊലീസിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

click me!