ഗുജറാത്തില്‍ നിന്ന് 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് അച്ചടിച്ച 25.80 കോടി വ്യാജ നോട്ടുകള്‍ പിടികൂടി

By Web TeamFirst Published Sep 30, 2022, 9:33 AM IST
Highlights

ആറ് കാര്‍ട്ടലുകളിലായി 1290 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. 25.80 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് കമറെജ് പോലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 


ഗുജറാത്ത്:  സൂറത്തിലെ ഒരു ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയതായി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകളില്‍ 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ'യ്ക്ക് പകരം 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. അഹമ്മദാബാദ് - മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 2000 എന്ന് അച്ചടിച്ച 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തതെന്ന് എസ് പി ഹിതേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ആറ് കാര്‍ട്ടലുകളിലായി 1290 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. 25.80 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് കമറെജ് പൊലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാലിത് സിനിമാ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന പണമാണെന്നും ആരോ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി രഹസ്യവിവരം എന്ന നിലയില്‍ നല്‍കിയതാണെന്നും സൂചനയുണ്ട്. റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നതിന് തൊട്ട് താഴെയായി മൂവി ഷൂട്ടിങ്ങ് പര്‍പ്പസ് ഓണ്‍ലി എന്നും പ്രിന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് സിനിമാ ഷൂട്ടിങ്ങിനായി ഉപയോഗിച്ച ശേഷം പൊതുവിപണിയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നോയെന്നും അന്വേഷണം നടക്കുന്നു. 

 

Surat, Gujarat |On basis of inputs received by Kamrej police, an ambulance was intercepted on Ahmedabad-Mumbai road. On questioning driver & checking vehicle, 6 cartons containing 1290 packets of Rs 2000 counterfeit notes worth Rs 25.80 crores, was found: Hitesh Joysar, SP Rural pic.twitter.com/wWiItpmQpa

— ANI (@ANI)

ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ അവസരത്തിലാണ് ഇത്രയേറെ വ്യാജ നോട്ടുകള്‍ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്. കള്ളപ്പണം തടയാനും വ്യാജ നോട്ടുകള്‍ പിടികൂടാനുമായി 2016 നവംബര്‍ 8 ന് അപ്രതീക്ഷിതമായി 1000 ത്തിന്‍റെയും 500 ന്‍റെയും നോട്ടുകള്‍ ഒന്നാം എന്‍ഡിഎ നിരോധിച്ചിരുന്നു. പിന്നാലെ 2000 രൂപയുടെ നോട്ട് പുറത്തിറക്കി. എന്നാല്‍ ഇപ്പോള്‍ ഏറെ കാലമായി 2000 ത്തിന്‍റെ നോട്ടുകള്‍ അച്ചടി നിര്‍ത്തി എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വ്യാജ പേരില്‍ തന്നെ ഇത്രയേറെ വ്യാജ നോട്ടുകള്‍ ഗുജറാത്തില്‍ നിന്നും പിടികൂടുന്നത്. ഇതിന് പിന്നില്‍ വന്‍ സംഘം തന്നെ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു. ആംബുലന്‍സ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. 


 

click me!