
ഹൈദരാബാദ്: കസ്തൂർബ ഗവൺമെന്റ് കോളേജിലെ ലാബിൽ രാസവാതക ചോർച്ചയെ തുടർന്ന് 25 - ഓളം വിദ്യാർത്ഥികൾ കുഴഞ്ഞുവീണു. തലകറക്കം അനുഭവപ്പെട്ട് ബോധംകെട്ട് വീഴുകയായിരുന്നു. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് വാതകമാണ് ചോർന്നതെന്നറിയാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയുണ്ട്.വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
അതേസമയം, ആന്ധ്രാ പ്രദേശിലെ കാക്കിനാഡയിൽ കാഷായ വസ്ത്രം ധരിച്ചെത്തി ടിഡിപി നേതാവിനെ വെട്ടി പരിക്കേൽപ്പിച്ച വാർത്തയും പുറത്തുവന്നു. തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് പോൾനാട്ടി ശേഷഗിരി റാവുവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ റാവുവിന്റെ വീട്ടിൽ ഭിക്ഷ ചോദിക്കാനെന്ന വ്യാജേന കാഷായ വസ്ത്രം ധരിച്ചെത്തിയ അക്രമി പെട്ടെന്ന് അരിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ടിഡിപി നേതാവ് അക്രമിക്ക് ധാന്യങ്ങൾ നൽകുന്നത് കാണാം, പിന്നാലെ ആയിരുന്നു ആക്രമണം. ശേഷഗരിയെ പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ പുറത്തുവന്ന സ്ത്രീയാണ് ആളുകളെ വിളിച്ചുവരുത്തിയത്. ആക്രമണത്തിൽ റാവുവിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വീടിന് പുറത്ത് ബൈക്കിൽ കാത്ത് നിന്നിരുന്ന കൂട്ടാളിക്കൊപ്പമാണ് പ്രതി രക്ഷപ്പെട്ടതെന്ന് കാക്കിനട പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബു പറഞ്ഞു. ഇവരെ കണ്ടെത്താൻ നാല് പൊലീസ് അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. അക്രമം സ്വയം പ്രതിരോധിക്കുന്നതിനിടെ ശേഷഗിരിയുടെ ഇടതുകൈയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയ്ക്കും മറ്റ് കൈവിരലുകൾക്കും നിസാര പരിക്കാണ്.
പ്രതിയെ സ്ത്രീ ഒച്ചവച്ച് ഓടിച്ചെങ്കിലും വീടിന് സമീപം കാത്തുനിന്ന അജ്ഞാതനായ മറ്റൊരാളോടൊപ്പം ഇയാൾ രക്ഷപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി- എന്നുമായിരുന്നു എസ്പിയുടെ വാക്കുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam