250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും; ബഹ്റിന്‍ രാജാവുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം

By Web TeamFirst Published Aug 25, 2019, 12:40 PM IST
Highlights

ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍  ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി. 

മനാമ: ബഹ്‍റിന്‍ ജയിലുകളിൽ കഴിയുന്ന  250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. ബഹ്റിന്‍ രാജാവുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരാണ് മോചനം കാത്തിരിക്കുന്നത്. ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്‍ചവച്ചവര്‍ക്കായിരിക്കും മോചനം. 

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍  ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി. കൂടാതെ ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ സഹകരിക്കാൻ ഇന്ത്യയും ബഹ്റിനും ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്റിനിലെ നാഷണല്‍ സ്പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി. 

നരേന്ദ്രമോദിയും മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒലോൻദും രൂപം കൊടുത്ത രാജ്യാന്തര സോളർ അലയൻസ് പദ്ധതിയുമായി ബഹ്റിന്‍ സഹകരിക്കും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ബഹ്റിന്‍ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി മോദി ചർച്ച നടത്തി. രണ്ടു ദിവസത്തെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിക്കും. 


 

click me!