രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ ചികിത്സയിലായിരുന്ന 69കാരി മരിച്ചു

By Web TeamFirst Published Mar 13, 2020, 10:48 PM IST
Highlights

മരിച്ച സ്ത്രീയുടെ മകനാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത്. മകൻ വിദേശത്ത് നിന്ന് കഴിഞ്ഞ മാസം 23നാണ് തിരിച്ചെത്തിയത്.

ദില്ലി: രാജ്യത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലാണ് രാജ്യത്തെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജനക്പുരി സ്വദേശിയായ 69കാരിയാണ് മരിച്ചത്. ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവര്‍. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഇവർക്കുണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരുടെ മകനാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത്. മകൻ വിദേശത്ത് നിന്ന് കഴിഞ്ഞ മാസം 23നാണ് തിരിച്ചെത്തിയത്.

Delhi: Death of a 68-year-old woman from West Delhi (mother of a confirmed case of COVID-19), is confirmed to be caused due to co-morbidity (diabetes and hypertension). She also tested positive for COVID-19. https://t.co/hmqARvTVv5

— ANI (@ANI)

അതേസമയം, രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ കർണാടക ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി വീട്ടിലും കൽബുർഗിയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലുമായി ഒൻപത് ദിവസത്തോളം കഴിഞ്ഞു. കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്കരിക്കുന്നതിൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്. 

കയ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയത്. ഇവരുൾപ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. അടുത്ത ബന്ധുക്കൾ, ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നവർ, ഡോക്ടർമാർ, നഴ്സുമാർ എന്നിവരടക്കം 31 പേർ നിരീക്ഷണത്തിലാണ്. രോഗിയുമായി നേരിട്ട് ഇടപഴകിയവരിൽ അഞ്ച് പേർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!